കണ്ണൂര്‍: മട്ടന്നൂര്‍ നഗര സഭയുടെ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. മൊത്തം 34 വാര്‍ഡുകള്‍ ഉള്ള മട്ടന്നൂരില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതിന്റെ ഫലമായി 20 വാര്‍ഡുകളേ എല്‍.ഡി.എഫിനു നേടുവാന്‍ ആയുള്ളൂ. തൂടര്‍ച്ചയായി നാലാം തവണയാണ് എല്‍.ഡി.എഫ് ജയിക്കുന്നതെങ്കിലും സീറ്റുകളുടെ എണ്ണത്തിലും ജനപിന്തുണയിലും വന്ന ഇടിവ് സി.പി.എം നേതൃത്വം വഹിക്കുന്ന ഇടതു മുന്നണിക്ക് വന്‍ തിരിച്ചടിയായി. രണ്ടിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കനത്ത പോലീസ് നിരീക്ഷണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൊത്തം 103 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 83.66 ശതമാനം പോളിങ്ങാണ് മട്ടന്നൂരില്‍ രേഖപ്പെടുത്തിയത്. ഇന്നു രാവിലെ എട്ടുമണിയോടെ ആയിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്.
യു.ഡി.എഫിനെ സംബന്ധിച്ച് കഴിഞ്ഞ തവണത്തെ ആറു സീറ്റില്‍ നിന്നും 14 സീറ്റിലേക്ക് കുതിച്ചു ചാട്ടമാണ് ഉണ്ടായത്. ഇതില്‍ അഞ്ചു വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും മുസ്ലിം ലീഗിനു വിയം കൈവരിക്കുവാന്‍ കഴിഞ്ഞു. ലീഗിന്റെ വിമത സ്ഥാനാര്‍ഥിയെ തോല്പിച്ചു കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ഉഷ അഞ്ചാം വാര്‍ഡില്‍ വിജയിച്ചത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഇടതു കോട്ടയായ മട്ടന്നൂരില്‍ ഉണ്ടായ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടി നേതൃത്വത്തെയും അണികളേയും ഞെട്ടിച്ചു. ചന്ദ്രശേഖരന്‍ വധം, അബ്ദുള്‍ഷുക്കൂര്‍ വധം തുടങ്ങിയവ ഇടതു പക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്