പാലക്കാട്: പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ സി.പി.എം പിളര്‍ന്നു. ഏരിയാ സെക്രട്ടറി പി.എ.ഗോഗുല്‍ദാസിന്റെ നേതൃത്വത്തില്‍ പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. 19 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഏരിയാ കമ്മറ്റിയങ്ങളെയും ഇന്നു ചേര്‍ന്ന് കണ്‍വെന്‍ഷനില്‍ തിരഞ്ഞെടുത്തു. സി.പി.എമ്മിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി പി.എ.ഗോഗുല്‍ ദാസിനെ അച്ചടക്ക നടപടിക്ക് വിധേയനാക്കിയിരുന്നു. മുണ്ടൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ കോങ്ങാട് ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന്റെ ഈ തീരുമാനത്തെ വിമത പക്ഷം അംഗീകരിക്കുവാന്‍ തയ്യാറായില്ല. ഗോഗുല്‍ ദാസിന്റെ തരം താഴത്തല്‍ റിപ്പോര്‍ട്ട് ചെയ്യാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കമ്മറ്റിയില്‍ നിന്നും ഭൂരിപക്ഷം പേര്‍ ഏരിയാ കമ്മറ്റിയി നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് ഇന്ന് വിളിച്ചു കൂട്ടിയ കണ്‍വെന്‍ഷനിലായിരുന്നു ഗോഗുല്‍ ദാസിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടിയില്‍ വി.എസ്.അച്ച്യുതാനന്ദനെ അനുകൂലിക്കുന്നവരാണ് ഇവരില്‍ അധികവും. മലമ്പുഴയുള്‍പ്പെടെ ഉള്ള മണ്ഡലങ്ങളില്‍ വിമത പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനമാണ് ഉള്ളത്.
സി.പി.എമ്മില്‍ തുടര്‍ന്നുവരുന്ന വിഭാഗീയതയുടെ ഫലമായി നേരത്തെ ഒഞ്ചിയത്തും, ഷൊര്‍ണ്ണൂരിലും, ഒറ്റപ്പാലത്തും,തളിക്കുളത്തും ഇത്തരത്തില്‍ നേതാക്കന്മാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ രൂപീകരിച്ച ആര്‍.എം.പി യുടെ നേതാവ് ടി.പി.ചന്ദ്രശേഖരന്‍ അടുത്തകാലത്ത് കൊല്ലപ്പെടുകയുണ്ടായി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിരവധി സി.പി.എം നേതാക്കള്‍ പ്രതികളാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം