തിരുവനന്തപുരം : മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ ഭൂമിദാന കേസില്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് എതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. വി. എസിനെ ഒന്നാം പ്രതിയാക്കി ക്കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കാസര്‍കോട് ജില്ലയിലെ ഷേണി വില്ലേജില്‍ 2.300 ഏക്കര്‍ ഭൂമി ബന്ധുവിനു പതിച്ചു നല്‍കി എന്നതായിരുന്നു കേസ്. മൊത്തം ഏഴു പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മുന്‍ മന്ത്രിയും സി. പി. ഐ. നേതാവുമായ കെ. പി. രാജേന്ദ്രൻ, വി. എസിന്റെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് ഐ. എ. എസ്., വി. എസിന്റെ ബന്ധുവും ഭൂമി ലഭിച്ച ആളുമായ ടി. കെ. സോമൻ, കാസര്‍കോട് മുന്‍ കളക്ടര്‍മാരായിരുന ആനന്ദ് സിങ്ങ്, എൻ. എ. കൃഷ്ണന്‍ കുട്ടി, വി. എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവരാണ് മറ്റു പ്രതികള്‍.
അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് ഡി. വൈ. എസ്. പി. വി. ജി. കുഞ്ഞനന്തനും സംഘവുമാണ് കേസ് അന്വേഷണം നടത്തിയത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം