തിരുവനന്തപുരം : സൂര്യനെല്ലി കേസ് ഹൈക്കോടതി കൈകാര്യം ചെയ്ത രീതിയെ നിശിതമായി വിമർശിക്കുകയും കേസിൽ പുനർ വിചാരണ നടത്തണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ബലാൽസംഗം ചെയ്തവരുടെ കൂട്ടത്തിൽ രാജ്യസഭാ ഉപാദ്ധ്യക്ഷനും പ്രമുഖ കോൺഗ്രസ് നേതാവുമായ പി. ജെ. കുര്യനും ഉണ്ടായിരുന്നു എന്ന പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് എതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരസ്യമായി രംഗത്തു വന്നു.
17 വർഷം മുൻപ് പറഞ്ഞ ആരോപണങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നത്. ഇത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ്. കോടതി വരെ നിരപരാധി എന്ന് കണ്ടെത്തിയ ഒരാളെ ഇത്തരത്തിൽ കടന്നാക്രമിക്കാനുള്ള ശ്രമവും അത് പോലെ തന്നെ തെറ്റാണ് എന്ന് ഉമ്മൻ ചാണ്ടി പത്ര സമ്മേളനത്തിനിടയിൽ പറഞ്ഞു.
സിബി മാത്യൂസിന്റെ ഇടപെടൽ കൊണ്ടാണ് കുര്യൻ രക്ഷപ്പെട്ടത് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജോഷ്വയുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ച ചോദ്യത്തിന് അത് അവർ തമ്മിലുള്ള പ്രശ്നങ്ങളാണ് കാരണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
17 വർഷം മുൻപ് പറഞ്ഞ പരാതിയിൽ പെൺകുട്ടി ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടല്ലോ എന്നും പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വാക്കുകളിൽ സർക്കാരിന് വിശ്വാസമില്ലേ എന്നുമുള്ള ചോദ്യത്തിന് ഉമ്മൻ ചാണ്ടി മറുപടി പറഞ്ഞില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, പീഡനം, പോലീസ് അതിക്രമം, സ്ത്രീ