കോഴിക്കോട് : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിങ്ങ് എഡിറ്ററുമായ വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു. പുതുതായി ആരംഭിക്കുന്ന മാതൃഭൂമി വാര്‍ത്താ ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ പ്രധാനപ്പെട്ട ചുമതലയാണ് വേണുവിന് ലഭിച്ചിരിക്കുന്നത്. വേണുവിന്റെ സഹോദരനും മാധ്യമ പ്രവര്‍ത്തകനുമായ ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ചാനലിന്റെ നേതൃനിരയില്‍ ഉണ്ട്. ദൃശ്യ മാധ്യമ രംഗത്ത് ഇത് നാലാമത്തെ തവണയാണ് വേണു ചാനല്‍ മാറുന്നത്. ഏഷ്യാനെറ്റ്, മനോരമ, ഇന്ത്യാവിഷന്‍ തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ച വേണു പിന്നീട് എം. വി. നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ വിട്ട് റിപ്പോര്‍ട്ടര്‍ ടി. വി. ആരംഭിച്ചപ്പോള്‍ അതിന്റെ വാര്‍ത്താ വിഭാഗത്തില്‍ ചേര്‍ന്നു.
വേണുവിന്റെ അവതരണ ശൈലിക്ക് മുമ്പില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ അമരക്കാരനും മലയാളം വാര്‍ത്താ അവതരണ രംഗത്ത് പുതുമ കൊണ്ടു വന്ന വ്യക്തിയുമായ എം. വി. നികേഷ് കുമാര്‍ പോലും പലപ്പോഴും നിഷ്പ്രഭമായിപ്പോയിരുന്നു. വേണു കൈകാര്യം ചെയ്തിരുന്ന എഡിറ്റേഴ്സ് അവറും, ക്ലോസ് എന്‍കൌണ്ടര്‍ എന്ന പരിപാടിയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കെ. എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മന്ത്രിമാരും പല രാഷ്ടീയ പ്രമുഖരും വേണുവിന്റെ ചോദ്യ ശരങ്ങള്‍ക്ക് മുമ്പില്‍ പതറിയിട്ടുണ്ട്. ഒരു തവണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. “മുഖം നോക്കാതെ“ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വേണുവിന്റെ അവതരണ ശൈലിയെ കുറിച്ചുള്ള അഭിപ്രായ ഭിന്നത രാജിക്ക് കാരണമായതായി കരുതപ്പെടുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍