ചാവക്കാട്: ചാവക്കാട്ടെ സിനിമ ആസ്വാദകര്‍ക്ക് ദര്‍ശന തീയേറ്റര്‍ ഒരു ഓര്‍മ്മയാകുന്നു. ആറുപതിറ്റാണ്ടിന്റെ ചരിത്രം പേറുന്ന സിനിമാ തീയേറ്ററുകളില്‍ ഉണ്ടായിരുന്ന അവസാന കണ്ണിയായ ദര്‍ശന തീയേറ്റര്‍ പൊളിച്ചു തുടങ്ങി. ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂ എന്ന പേരില്‍ ആയിരുന്നു ചാവക്കാട്ടേ ‘സിനിമാ കൊട്ടക’ കളുടെ തുടക്കം. കാണികള്‍ക്കിരിക്കുവാന്‍ തറയും, ബെഞ്ചും, കസേരയുമായി വിവിധ ക്ലാസുകള്‍. ഇതു പൂട്ടിയതിനെ തുടര്‍ന്ന് അനിത എന്ന ഒരു ഓലക്കൊട്ടക ഗുരുവായൂര്‍ റോഡില്‍ ആരംഭിച്ചു. ഇതും അധിക കാലം നിലനിന്നില്ല. പിന്നീട് സെര്‍ലീന വന്നു. അധികവും ഹിന്ദി-തമിഴ് ചിത്രങ്ങളായിരുന്നു ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. സെര്‍ളീന പിന്നീട് പുതുക്കി പണിതു. ഇടയ്ക്ക് മുംതാസ് എന്നൊരു സിനിമാശാലയും ചാവക്കാട്ട് ഉയര്‍ന്നു വന്നു. എങ്കിലും അതും പിന്നീട് പൂട്ടിപോയി. അതിനു ശെഷമാണ് റസാഖ് എന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ ദര്‍ശനയുടെ വരവ്. സിനിമകള്‍ക്കായി സെര്‍ലീനയും ദര്‍ശനയും പരസ്പരം മത്സരിച്ചതോടെ ചാവക്കാട്ടുകാര്‍ക്ക് സിനിമയുടെ ചാകരക്കാലമായി. സെര്‍ലീന മറ്റൊരു ഗ്രൂപ്പ് ഏറ്റെടുത്തുവെങ്കിലും അധികകാലം അവിടെ പ്രദര്‍ശനം നടന്നില്ല. ഇതിനിടയില്‍ ദര്‍ശനയുടെ ഉടമ റസാഖ് മരിച്ചതോടെ ദര്‍ശനയുടെ ദുര്‍ദശയും ആരംഭിച്ചു. തൊട്ടടുത്ത നഗരങ്ങളായ ഗുരുവായൂരിലും കുന്ദം കുളത്തുമെല്ലാം കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള തീയേറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തുടങ്ങി. ഇതോടൊപ്പം ഗള്‍ഫുകാരുടെ വീടുകളില്‍ കളര്‍ ടി.വിയും വീഡിയോയും മറ്റും വന്നതോടെ ആളുകള്‍ തീയേറ്ററുകളില്‍ വരുന്നത് കുറഞ്ഞു. പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതോടെ തീയേറ്റര്‍ ഉടമകള്‍ തീയേറ്റര്‍ പൂട്ടുവാന്‍ തീരുമാനിച്ചു. നസീറിന്റേയും, ജയന്റേയും, മധുവിന്റേയും, ജയഭാരതിയുടേയും, ഷീലയുടേയും സില്‍ക്ക് സ്മിതയുടേയും മുതല്‍ മോഹന്‍ ലാല്‍ മമ്മൂട്ടി വരെ ഉള്ള വരുടെ ചിത്രങ്ങള്‍ നിറഞ്ഞോടിയ പഴയകാല സ്മൃതികള്‍ പേറി ഏറേ നാളായി പൂട്ടിക്കിടന്ന ദര്‍ശന ഇനി ചാവക്കാട്ടുകാരുടെ മനസ്സില്‍ ഓര്‍മ്മചിത്രമാകുകയാണ്.
ചാവക്കാട് സെന്ററിനും ബസ്റ്റാന്റിനും ഇടയിലാണ് തീയേറ്റര്‍ നിലനില്‍ക്കുന്ന സ്ഥലം. അതിനാല്‍ തന്നെ ചാവക്കാടിന്റെ കണ്ണായ സ്ഥലത്ത് ഉള്ള ഈ ഭൂമിക്ക് കോടികള്‍ വിലവരും. വലിയ തോതില്‍ വികസനം വരുന്ന ചാവക്കാടിനെ സംബന്ധിച്ച് ഇടുങ്ങിയ റോഡുകളും സ്ഥല ദൌര്‍ലഭ്യവും വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ദര്‍ശന തീയേറ്റര്‍ നിലനില്‍ക്കുന്നിടത്ത് ഒരു ഷോപ്പിങ്ങ് കോപ്ലക്സോ, കല്യാണമണ്ഡപമോ ഇവിടെ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം