തിരുവനന്തപുരം: കേരളം സ്വയം ഭക്ഷ്യ സുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടൿ സിങ്ങ് അലുവാലിയയുടെ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്തിനു പൊതുവായി ഭക്ഷ്യ സുരക്ഷ ഉള്ളിടത്തോളം കാലം സംസ്ഥാനത്തിനു ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയെ കുറിച്ച് വേവലാതി വേണ്ടെന്നും, കേരളത്തില്‍ ഭൂമിയ്ക്ക് കടുത്ത ദൌര്‍ലഭ്യം ഉള്ളതിനാല്‍ ഉള്ള സ്ഥലത്ത് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധന ഉണ്ടാക്കും വിധത്തിലുള്ള നിക്ഷേപങ്ങളാണു വരേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം അലുവാലിയ പറഞ്ഞത്.
അലുവാലിയയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി. എം. സുധീരനും രംഗത്തു വന്നു. മന്‍മോഹന്‍ സിങ്ങ്, അലുവാലിയ തുടങ്ങിയ തലയില്‍ കെട്ടുള്ളവര്‍ പറയുന്നത് കേരളീയര്‍ വിശ്വസിക്കില്ല എന്ന് രൂക്ഷമായ ഭാഷയിലാണ് വി. എസ്. അലുവാലിയക്കെതിരെ പ്രതികരിച്ചത്. അലുവാലിയയുടെ പ്രസ്ഥാവനയെ കേരളം അവജ്ഞയോടെ തള്ളുമെന്ന് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷ്യ സുരക്ഷയെന്നും, കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് അലുവാലിയയുടെ പ്രസ്ഥാവന
എന്നും പറഞ്ഞ സുധീരന്‍ ഇത് ഭൂമാഫിയക്ക് കരുത്ത് പകരുന്നതാണെന്നും വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതിക്കായി നെല്‍വയല്‍ നികത്തുവാന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനു സംസ്ഥാന പരിസ്ഥിതി വകുപ്പ് ശുപാർശ നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. നെല്‍ വയലുകള്‍ നികത്തപ്പെടുന്നത് സംബന്ധിച്ച് നിയമസഭാ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, ഈ റിപ്പോര്‍ട്ടിനെ മറികടക്കുന്ന ശുപാര്‍ശയാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി