പാലക്കാട്: മുണ്ടൂരില്‍ സി. പി. എമ്മിനെ പിളര്‍ത്തി സമാന്തരമായി പാര്‍ട്ടി രൂപീകരിച്ച വിമതര്‍ക്കെതിരെ തല്‍ക്കാലം കര്‍ശന നടപടി വേണ്ടെന്ന് സി. പി. എം. നേതൃത്വം. ജില്ലാ നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഏരിയാ സെക്രട്ടറി ഗോഗുല്‍ദാസിന്റെ നേതൃത്വത്തില്‍ ഉള്ള വിമതര്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനില്‍ നേതാക്കളെ കൂടാതെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഏരിയാ കമ്മറ്റിയിലെ 16 പേരില്‍ 8 പേരും നിരവധി പഞ്ചായത്ത് അംഗങ്ങളും ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.
ഇതോടെ ഒഞ്ചിയത്തും, ഒറ്റപ്പാലത്തും, ഷൊര്‍ണ്ണൂരിലും ഉണ്ടായ പിളര്‍പ്പില്‍ നിന്നും വ്യത്യസ്ഥമായി ജില്ലയിലെ സി. പി. എമ്മിന്റെ അടിത്തറയെ തന്നെ ബാധിക്കും വിധത്തിലാണ് മുണ്ടൂരിലെ കാര്യങ്ങള്‍ എന്ന് നേതൃത്വത്തിനു ബോധ്യമായി. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മുണ്ടൂരിലെ വിമതര്‍ പാര്‍ട്ടിയുടെ സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങളെ വിമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ നിലപാടുകളോടുള്ള പ്രതിഷേധമാണ് ഗോഗുല്‍ദാസിന്റെ നേതൃത്വത്തില്‍ പുറത്ത് വന്നത്. വിഭാഗീയതയുടെ ഭാഗമായി ജില്ലയില്‍ വെട്ടി നിരത്തല്‍ നടന്നിരുന്നു. കൂടാതെ അടുത്ത കാലത്ത് ഗോഗുല്‍ദാസിനെതിരെ സി. പി. എമ്മിന്റെ ജില്ലാ നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ഏരിയാ കമ്മറ്റിയില്‍ നിന്നും തരം താഴ്ത്തുവാനും തീരുമാനിച്ചിരുന്നു.
സംസ്ഥാനത്തെ ഔദ്യോഗിക പക്ഷം ജില്ലാ നേതൃത്വത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള നിലപാടാണ് ആദ്യം എടുത്തിരുന്നത്. എന്നാല്‍ ഗോഗുല്‍ ദാസിന്റെ നേതൃത്വത്തില്‍ ഉള്ളവര്‍ക്ക് ലഭിച്ച പിന്തുണയും പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്കെതിരെ നടത്തിയ പരസ്യമായ വെളിപ്പെടുത്തലുകളും ചേര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കൈവിടും എന്ന അവസ്ഥയിലേക്ക് നീങ്ങി. അപകടം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം വിമതരുമായി ബന്ധപ്പെട്ടത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം