തൃശ്ശൂര്‍: മാവോ വാദികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും സംസ്ഥാനത്തെ മാവോവാദി വേട്ട അവസാനിപ്പിക്കണമെനും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ആദിവാസികള്‍ക്കു വേണ്ടി കൊള്ളപ്പലിശക്കാര്‍ക്ക് എതിരെയാണ് അവര്‍
നിലകൊള്ളുന്നത്. നീതിക്കു വേണ്ടിയാണ് മാവോ വാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാവോവാദി സാന്നിധ്യം കാരണം വയനാട് അടക്കം ഉള്ള ജില്ലകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ജോലി ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
മാവോവാദികള്‍ സംസ്ഥാനത്ത് ആരെയും വെടിവെച്ച് കൊന്നിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് പണം തട്ടിയെടുക്കുവാന്‍ കഴിയുന്ന തരത്തില്‍ കോടികളുടെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന നാണം കെട്ട രീതിയോട് യോജിക്കാന്‍ കഴിയില്ല. പത്തോ ഇരുപതോ മാവോയിസ്റ്റുകള്‍ക്കു വേണ്ടി ആയുധം സംഭരിക്കുന്നതിനല്ല പണം ചിലവിടേണ്ടതെന്നും ആശയപരമായ ചര്‍ച്ചകളിലൂടെ അവരെ തീവ്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ആകണം സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ടതെന്നും ജോര്‍ജ്ജ് പറഞ്ഞു.
അക്രമം നടത്തുന്ന മാവോവാദികളെ സര്‍ക്കാര്‍ നേരിടുമെന്നും പി.സി.ജോര്‍ജ്ജ് ആദ്യം അക്രമം നടത്തുന്ന മാവോവാദികളെ ഉപദേശിക്കട്ടെ എന്നും മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അക്രമം അവസാനിപ്പിച്ചാല്‍ മാവോവാദി വേട്ടയും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.സി.ജോര്‍ജ്ജിന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം, പോലീസ് അതിക്രമം, വിവാദം