റിയാലിറ്റി ഷോ നടത്തിപ്പുകാര്‍ തങ്ങള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ച വീട് നല്‍കിയില്ല എന്ന പരാതിയുമായി ഒരു അന്ധ കുടുംബം എറണാകുളം പ്രസ് ക്ലബില്‍ പത്ര സമ്മേളനം നടത്തി. കൈരളി ചാനലില്‍ നടന്ന “എല്ലാരും പാടണ് ” എന്ന മല്‍സരത്തില്‍ “തങ്കമ്മ ആന്‍ഡ് ഫാമിലി” എന്ന പേരിലുള്ള തങ്ങളുടെ ടീമിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ സമ്മാനം പ്രഖ്യാപിച്ച് രണ്ടു വര്ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്കു സമ്മാനം ലഭിച്ചില്ല എന്ന് അന്ധരായ നാല് മക്കളുടെ അമ്മ തങ്കമ്മ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
കരുനാഗപ്പള്ളി തഴവയിലെ തങ്കമ്മയും അന്ധരായ നാല് മക്കളും അടങ്ങുന്ന ടീമിന്റെ കൂടെ രണ്ടു പേരക്കുട്ടികളും പങ്കെടുത്തു പാടിയിരുന്നു. ഓരോ എപ്പിസോഡിലും നല്ല വസ്ത്രങ്ങളും മറ്റും ധരിച്ച് മല്‍സരത്തില്‍ പങ്കെടുത്ത ഇവര്‍ക്ക് ആകെയുള്ള പ്രതീക്ഷ മത്സരത്തിന്റെ സമ്മാനം ലഭിച്ചാല്‍ കടങ്ങള്‍ വീട്ടാം എന്നുള്ളതായിരുന്നു. മല്‍സരത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ ഡോ. രാധാകൃഷ്ണന്‍ തന്റെ പേരില്‍ കണ്ടാണിശ്ശേരി വില്ലേജില്‍ 5 സെന്റ് സ്ഥലം ഇഷ്ടദാനമായി എഴുതി രെജിസ്റ്റര്‍ ചെയ്തു തന്നു എന്ന് തങ്കമ്മ പറയുന്നു. 2009 ഏപ്രിലില്‍ ഗുരുവായൂരില്‍ വെച്ച് നടന്ന ശാന്തി മഠത്തിന്റെ പരിപാടിയില്‍ വെച്ച് ഒന്നാം സമ്മാനമായി ലഭിക്കേണ്ട വീടിന്റെ താക്കോല്‍ തരും എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പരിപാടിയില്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കുകയും അന്ധരായ തന്റെ മക്കളെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
നിരന്തരം വീട് ചോദിച്ചു ചെന്ന തങ്ങളോട് മറ്റൊരു ടി.വി. പരിപാടിയുടെ ഫൈനല്‍ മല്‍സര ചടങ്ങില്‍ വെച്ച് ഗാനഗന്ധര്‍വന്‍ ഡോ. കെ. ജെ. യേശുദാസ് വീടിന്റെ താക്കോല്‍ നല്‍കും എന്ന് ഇവര്‍ അറിയിച്ചു. വടക്കന്‍ പറവൂരില്‍ വെച്ച് നടന്ന ഈ ചടങ്ങില്‍ വെച്ച് പക്ഷെ യേശുദാസ് തങ്ങള്‍ക്ക് തന്നത് വീടിന്റെ ഒരു കാര്‍ഡ് ബോര്‍ഡ് മാതൃകയും തെര്‍മോക്കോള്‍ കൊണ്ടുണ്ടാക്കിയ താക്കോലുമായിരുന്നു.
സമ്മാനം പ്രഖ്യാപിച്ചു വര്ഷം രണ്ടു കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഇനിയും സമ്മാനം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ നിയമോപദേശം തേടിയിരിക്കുകയാണ്.
റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെ പായുന്ന ഇന്നത്തെ സമൂഹത്തിന് തങ്ങളുടെ അനുഭവം ഒരു പാഠമാവാനും ഇനിയും ഇത്തരം വഞ്ചന നടത്താന്‍ ആര്‍ക്കും അവസരം ഉണ്ടാവരുത് എന്ന ആഗ്രഹത്താലാണ് തങ്ങള്‍ ഈ പത്ര സമ്മേളനം നടത്തുന്നത് എന്നും തങ്കമ്മ വിശദീകരിച്ചു.
- ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും
- റിയാലിറ്റി ഷോ ക്രൂരതയ്ക്ക് കുട്ടികളെ മാതാപിതാക്കള്‍ വിട്ട് കൊടുക്കരുത്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, മാധ്യമങ്ങള്‍, വിനോദം