തിരുവനന്തപുരം : വിതുരയില്‍ പോലീസ് പിടിച്ചു ലോക്കപ്പില്‍ വെച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തതിനെ ചൊല്ലി എല്‍. ഡി. എഫ്. നിയമ സഭ ബഹിഷ്ക്കരിച്ചു. 26 കാരനായ സിനു വാണ് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. യുവാവിനെ മദ്യപിച്ച നിലയിലാണ് പോലീസ് പിടികൂടിയത് എന്ന ആരോപണം തെറ്റാണ് എന്നും കാര്യമായ പ്രകോപനം ഒന്നും കൂടാതെ പോലീസ് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നും പ്രമേയം അവതരിപ്പിച്ച കോലിയക്കോട് എന്‍, കൃഷ്ണന്‍ നായര്‍ സഭയെ അറിയിച്ചു. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഇയാളെയും കൂടെ ഉണ്ടായിരുന്ന ആളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ആരെയും മര്‍ദ്ദിക്കാന്‍ പോലീസിനെ അനുവദിക്കില്ല. ഒരു ഡി. വൈ. എസ്. പി. യ്ക്ക് യുവാവിന്റെ മരണം അന്വേഷിക്കാനുള്ള ചുമതല നല്‍കും. യുവാവ് ഒരു സ്ത്രീയെ സംഘം ചേര്‍ന്ന് ആക്രമിച്ച ഒരു കേസില്‍ പ്രതിയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് ഇയാള ജാമ്യത്തില്‍ ഇറങ്ങിയത്. എന്നാലും ഈ വിഷയം ഗൌരവമായി തന്നെ കണ്ട് അന്വേഷിക്കുമെന്നും യുവാവിന്റെ മരണത്തിന് കാരനമായവര്‍ക്ക് നേരെ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
മരിച്ച യുവാവിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം മദ്യപിച്ചവരെ തല്ലിക്കൊല്ലാന്‍ പോലീസിന് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണ് എന്ന് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ് അതിക്രമം