കൊച്ചി: കടല്‍ക്കൊല ക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ ഹൈക്കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അവരെ നാട്ടിലെത്തിക്കുവാന്‍ ഇറ്റലി പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. കൊല്ലത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് ഇന്നു തന്നെ ഇറ്റലിയിലേക്ക് പോകാനാകും. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍
നാട്ടില്‍ പോകണമെന്ന നാവികരുടെ അപേക്ഷയിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതോടെ കോടതി കര്‍ശന വ്യവസ്ഥകളോട് ഇവരെ പോകുവാന്‍ അനുവദിക്കുകയായിരുന്നു. ജനുവരി 10 നു കൊച്ചിയില്‍ തിരിച്ചെത്തണം, ആറു കോടി രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പെടുന്നു. ഇരുവരേയും ഇന്ത്യയില്‍ തിരികെ കൊണ്ടു വരാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡറും കോണ്‍സുലേറ്റും ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഇവരുടെ അപേക്ഷയിന്മേല്‍ ഉള്ള തുടര്‍ നടപടിയുമെല്ലാം കേരള-കേന്ദ്ര സര്‍ക്കാറുകള്‍ വളരെ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള ഹൈക്കോടതി, കോടതി, പോലീസ്, വിവാദം