മലപ്പുറം: കാണ്മാനില്ല മോഷണം പോയി തുടങ്ങിയ പരാതികള്‍ പോലീസു കാര്‍ക്ക് പുത്തരിയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ലഭിച്ച പരാതി കണ്ട് ശരിക്കും ഒന്ന് ഞെട്ടി. കാരണം കാണാതായത് മാലയോ വളയോ അല്ല കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ആണ്. തേഞ്ഞിപ്പാലം പോലീസിനാണ് കൂപ്പില്‍ പണിക്ക് പോയ “മോഹനന്‍” എന്ന ആനയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ് റാഫിയായിരുന്നു പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം നടത്തുകയും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കാണാതായ ആനയെ കണ്ടെത്തുകയും ചെയ്തു. ആന ഒറ്റക്കല്ല കൂടെ പാപ്പാനും ഉണ്ട്. ആനയേയും പാപ്പാനേയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ആന പോലീസ് സ്റ്റേഷനില്‍ കയറിയ വിവരം അറിഞ്ഞ് ധാരാളം ആളുകള്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി. ഇതിനിടയില്‍ ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉന്നയിച്ചു കൊണ്ട് പള്ളിക്കല്‍ സ്വദേശിയായ അഷ്‌റഫും എത്തി. 13 വയസ്സുള്ള ഈ ആനക്കുട്ടിയെ കഴിഞ്ഞ ആഗസ്റ്റില്‍ നാഗര്‍കോവിലില്‍ നിന്നും വാങ്ങിയതാണെന്നാണ് അഷ്‌റഫിന്റെ വാദം. തര്‍ക്കം രൂക്ഷമായപ്പോള്‍ ഫോറം 60 യും ആനയുടെ മൈക്രോ ചിപ് സംബന്ധിച്ച രേഖകളും ഹാജരാക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടു. ആനയുടെ സംരക്ഷണം തല്‍ക്കാലം അഷ്‌റഫിനെ ഏല്പിച്ചു. സ്റ്റേഷനുള്ളില്‍ ഉടമസ്ഥാവകാശ തര്‍ക്കം നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാകാതെ പുറത്ത് നില്‍ക്കുകയായിരുന്ന ആന സ്റ്റേഷന്‍ പരിസരത്തെ ചെടികള്‍ പിഴുതു തിന്നു തല്‍ക്കാലം വിശപ്പടക്കുന്ന തിരക്കിലായിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, പോലീസ്