കോഴിക്കോട് : വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനായി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സ്ക്കൂളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് (സെന്‍ട്രല്‍ സ്ക്കൂള്‍) സംഭവം. സ്ക്കൂള്‍ പരിസരമാകെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന വിധം 16 ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറകളാണ് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മായാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ഒഴിവു വേളയില്‍ ഒരല്‍പ്പം കുസൃതി കാണിച്ചാല്‍ ഇനി പ്രിന്‍സിപ്പാള്‍ അത് നേരിട്ട് കാണും. തങ്ങളെ ഇത്തരത്തില്‍ നിരീക്ഷിക്കാന്‍ ഇത് കുറ്റവാളികളായ കുട്ടികളെ പഠിപ്പിക്കുന്ന ദുര്‍ഗുണ പാഠശാലയാണോ എന്നാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. മൂത്രപ്പുരയ്ക്ക് സമീപം പോലും ക്യാമറകള്‍ സ്ഥാപിക്കുന്നതും ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉറപ്പു നല്കാനാവാത്തതും തങ്ങള്‍ക്ക് ഏറെ ആശങ്ക ഉളവാക്കുന്നു എന്ന് പെണ്‍കുട്ടികളും വനിതാ അദ്ധ്യാപകരും പറയുന്നു. സ്വകാര്യതയ്ക്ക് നേരെയുള്ള ഇത്തരം കടന്നു കയറ്റത്തിനെതിരെ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
വിദ്യാര്‍ത്ഥികളെ അനുകൂലിച്ച 5 അദ്ധ്യാപകരെ സ്ക്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തതോടെ പ്രശ്നം വഷളായി. വിദ്യാര്‍ത്ഥി സംഘടനകളോ സമരമോ പതിവില്ലാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി സമരം നടന്നത് പൂജാ അവധിക്കു ശേഷം സ്ക്കൂള്‍ തുറന്നതോടെയാണ്. ഓള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ് അസോസിയേഷന്‍ ചെന്നൈ റീജിയന്‍ സെക്രട്ടറി സി. കെ. ബി. കുറുപ്പ് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി സംസാരിച്ചു. ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണം എന്നും സസ്പെന്‍ഡ് ചെയ്ത അദ്ധ്യാപകരെ പുനസ്ഥാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
സ്ക്കൂള്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. ബി. സലിം അവസാനം പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായത്. ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവ നിര്‍ത്തി വെച്ചു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുത് എന്നും കലക്ടര്‍ സ്ക്കൂള്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു.
അദ്ധ്യാപകരുടെ സപെന്ഷന്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ഉന്നത അധികാരികളില്‍ നിന്നും ഉണ്ടാവണം എന്നതിനാല്‍ ഇതില്‍ തനിക്ക് ചെയ്യാനാവുന്നത് ചെയ്യാം എന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുട്ടികള്‍, മനുഷ്യാവകാശം, വിദ്യാഭ്യാസം
പ്രിന്‍സിപ്പാളിന്റെ വീട്ടിലും ബാത്ര്രൂമിലുമായിരുന്ന് ആദ്യം വെക്കേണ്ടത്
ഈ കാമര്ര് സംസ്കരംനല്ലെദല്ല