തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി മൂന്ന് സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ദാനം ചെയ്യുവാന്‍ തീരുമാനിച്ച സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ലീഗ് മന്ത്രിമാരായ പി. കെ. അബ്ദുറബ്ബ്, എം. കെ. മുനീര്‍, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വി. എസ്. അബ്ദുള്‍ സലാം എന്നിവര്‍ക്ക് എതിരെ ആണ് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മലപ്പുറം വിജിലന്‍സ് ഡി. വൈ. എസ്. പി. ക്കാണ് അന്വേഷണത്തിന്റെ ചുമതല.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എഡ്യുക്കേഷന്‍ ട്രസ്റ്റിനു പത്തേക്കര്‍ ഭൂമിയും, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘടനയ്ക്ക് ബാഡ്മിന്റൻ കോര്‍ട്ടുണ്ടാക്കുവാന്‍ മൂന്നേക്കറും മന്ത്രി മുനീറിന്റെ ബന്ധുവുള്‍പ്പെടുന്ന ഒളിമ്പിക് അസോസിയേഷന് മുപ്പതേക്കറും ഭൂമിയാണ് ദാനം ചെയ്യുവാന്‍ സെനറ്റ് തീരുമാനിച്ചത്. കോടികള്‍ വില വരുന്ന ഭൂമി മുസ്ലിം ലീഗിലെ പ്രമുഖരും അവരുടെ ബന്ധുക്കളും അടങ്ങുന്ന സംഘടനകള്‍ക്ക് ദാനം ചെയ്യുവാനുള്ള നീക്കം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇതേ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സെനറ്റിന്റെ തീരുമാനം റദ്ദാക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ റജിസ്ട്രാര്‍ ടി. കെ. നാരായണനാണ് സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം, സാമ്പത്തികം