തിരുവനന്തപുരം: നഗരത്തിലെ മാലിന്യം ചെങ്കോട്ടുകോണത്തെ കല്ലടിച്ച വിള പാറമടയില്‍ തള്ളുവാനുള്ള നീക്കം പ്രദേശ വാസികള്‍ തടഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തിന് മുന്നിൽ നഗരസഭാ തൊഴിലാളികളുമായി സ്ഥലത്ത് എത്തിയ ആർ. ഡി. ഓ. ക്കും സംഘത്തിനും തോറ്റു മടങ്ങേണ്ടി വന്നു.
മാലിന്യ സംസ്കരണം താറുമാറായ തലസ്ഥാനത്ത് അതിനൊരു പരിഹാരമെന്ന നിലയിലാണ് പ്രദേശത്തെ കരിങ്കല്‍ ക്വാറികളില്‍ അവ നിക്ഷേപിക്കാമെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനം എടുത്തത്. എന്നാല്‍ ക്വാറികളില്‍ മാലിന്യം തള്ളിയാല്‍ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കപ്പെടുമെന്നും ഒപ്പം പകര്‍ച്ച വ്യാധികള്‍ പടരുമെന്നും അതിനാല്‍ ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്നുമാണ് സമീപ വാസികള്‍ പറയുന്നത്.
തിരുവനന്തപുരം നഗരത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. മാലിന്യം ചീഞ്ഞഴുകി തലസ്ഥാനം ദുര്‍ഗ്ഗന്ധ പൂരിതമായിരിക്കുന്നു. ഒപ്പം കൊതുകും എലിയും മറ്റും വലിയ തോതില്‍ പെരുകിയിട്ടുമുണ്ട്.
ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് മാലിന്യ നിക്ഷേപം നിര്‍ത്തി വെച്ച വിളപ്പില്‍ ശാലയില്‍ മാലിന്യം കൊണ്ടു ചെന്നാല്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് സൂചനയുണ്ട്. സംസ്ഥാനത്ത് ക്രിയാത്മകമായ ഒരു മാലിന്യ സംസ്കരണ നയം രൂപീകരിച്ച് നടപ്പിലാക്കുവാന്‍ യു. ഡി. എഫ്. സര്‍ക്കാരിനായിട്ടില്ല. തദ്ദേശ ഭരണ വകുപ്പും നഗരകാര്യവും കൈകര്യം ചെയ്യുന്ന ലീഗാകട്ടെ ഇക്കാര്യത്തില്‍ താല്പര്യം എടുത്ത് പ്രവര്‍ത്തിക്കാത്തതും ജന ജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പരിസ്ഥിതി