തൃശ്ശൂര്‍: തിരുവമ്പാടിയുടെ തിലകക്കുറിയെന്നും ആനയഴകിന്റെ അവതാരരൂപമെന്നും അറിയപ്പെടുന്ന തിരുവമ്പാടി ശിവസുന്ദറിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രവും അപൂര്‍വ്വമായ ഗാന ചിത്രീകരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അഴകിന്റെ തമ്പുരാന്‍ എന്ന ഡോക്യു ഫിക്ഷന്‍ തൃശ്ശൂരില്‍രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകരും ആനപ്രേമികളും ആനകളും ഉള്‍പ്പെടുന്ന പ്രൌഡമായ ഒരു സദസ്സില്‍ വച്ച് പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും ആനയുടമയും തിരുവമ്പാടിയുടെ അമരക്കാരില്‍ ഒരാളുമായ ടി. എ. സുന്ദര്‍ മേനോന്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹമാണ് ശിവസുന്ദറിന്റെ തിരുവമ്പാടിയില്‍ നടയ്ക്കിരുത്തിയത്. ആനക്കാര്യങ്ങളുടെ ആഴക്കടലില്‍ മുങ്ങി ആന പ്രേമികള്‍ക്കായി മുത്തും പവിഴവും കണ്ടെത്തിക്കൊടുത്ത പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാര്‍ അരൂക്കുറ്റിയാണ് അഴകിന്റെ തമ്പുരാന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയ്ക്ക് ഉപയോഗിക്കുന്ന സങ്കേതങ്ങളുടെ സഹായത്തോടെ ഭാരതപ്പുഴയില്‍ നടത്തിയ ഗാനചിത്രീകരണം എടുത്തു പറയേണ്ട പ്രത്യേകതയാണ്. ബാലമുരളിയാണ് ഗാനം രചിച്ചിരിക്കുന്നത്. പ്രമുഖ പിന്നണി ഗായകന്‍ മധു ബാലാകൃഷ്ണനും ശോഭ മുരളിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിതരണം സണ്‍ മീഡിയ.
ഇന്നു ജീവിച്ചിരിക്കുന്ന നാടന്‍ ആനകളില്‍ പ്രമുഖ സ്ഥാനമാണ് തിരുവമ്പാടി ശിവസുന്ദറിനുള്ളത്. സഹ്യവനങ്ങളില്‍ നിന്നും നന്നേ ചെറുപ്പത്തില്‍ നാട്ടിലെത്തപ്പെട്ട ഈ ആനയെ സര്‍ക്കാര്‍ ലേലത്തില്‍ വച്ചു. ശിവസുന്ദര്‍ ആകും മുമ്പ് ഫ്രാന്‍സിസ് പൂക്കോടന്‍ എന്ന തൃശ്ശൂര്‍ കാരന്റെ കൈവശമായിരുന്നു ഈ അന. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോള്‍ അവനു പകരക്കാരനെ തിരഞ്ഞ തിരുവമ്പാടി തട്ടകക്കാര്‍ പൂക്കോടന്‍ ശിവനില്‍ ആകൃഷ്ടരായി. എന്നാല്‍ അഴകും ഐശ്വര്യവും നിറഞ്ഞ തന്റെ ആനയെ കൈവിടുവാന്‍ ഫ്രാന്‍സിസ് തയ്യാറായില്ല. വന്നവരെ മടക്കി വിടുവാന്‍ വലിയ ഒരു വില പറഞ്ഞു നോക്കി അദ്ദേഹം. ഒത്ത ഒരാനയ്ക്ക് എട്ടോ പത്തോ ലക്ഷം രൂപ വില മാത്രമുണ്ടായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞ ഇരുപത്തെട്ട് ലക്ഷം എന്ന മോഹ വില നല്‍കി സുന്ദര്‍ മേനോന്‍ ആനയെ സ്വന്തമാക്കി. ഏതു തിരക്കിനിടയിലും ശിവസുന്ദറിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ മേനോന്‍ സമയം കണ്ടെത്തുന്നു. ആനയുടെ സുഖ ചികിത്സ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും അദ്ദേഹമാണ്. തൃശ്ശൂര്‍ ടൌണില്‍ തന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ശിവസുന്ദറിനു നില്‍ക്കുവാന്‍ പ്രത്യേക ഷെഡും ഒരുക്കിയിട്ടുണ്ട് സുന്ദര്‍ മേനോന്‍. അപൂര്‍വ്വമായ ഒരു സ്നേഹ ബന്ധമാണ് ഇവര്‍ തമ്മില്‍ ഉള്ളത്. പൂരങ്ങളുടെ പൂരത്തിനു തിരുവമ്പാടിയുടെ മഠത്തില്‍ വരവിനും തെക്കോട്ടിറക്കത്തിനും ശിവനെ കൊമ്പ് പിടിച്ച് ആനയിക്കുന്നതും സുന്ദര്‍ മേനോന്‍ തന്നെ.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, തൃശ്ശൂര്‍ പൂരം