തൃശ്ശൂര്‍: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും തലക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി കിംഗ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമം ചുമത്തുവാന്‍ ആകില്ല. ആറു വര്‍ഷത്തിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകം കൂടാതെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതിനും അവരെ കാറില്‍ ഇട്ട് പൂട്ടിയതിനുമടക്കം നിഷാമിനെതിരെ പതിനഞ്ചിലധികം കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു. അവയില്‍ പലതും ഒതുക്കുകയോ കോടതി മുഖാന്തിരം പിന്‍വലിക്കുകയോ ചെയ്തു. തനിക്കെതിരെ ഉള്ള കേസുകള്‍ പിന്‍വലിക്കുവാനായി നിസാം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും കാര്യമായ എതിര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഉള്ള കേസുകള്‍ പിന്‍വലിക്കപ്പെട്ടു. ഉന്നത ബന്ധങ്ങള്‍ ഉള്ളതായി പറയപ്പെടുന്ന ഇയാള്‍ പല കേസുകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ആരോപണം ഉണ്ട്. അടുത്തിടെ കൊച്ചിയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ ഇയാളുടെ ഫ്ലാറ്റില്‍ നിന്നും സിനിമാതാരം ഉള്‍പ്പെടെ ഉള്ളവര്‍ പിടിയിലായിരുന്നു.
ഗുണ്ടകളെ അമര്‍ച്ച ചെയ്യുവാനുള്ള നിയമമാണ് കാപ്പ അഥവാ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് പ്രിവന്‍ഷനല്‍ ആക്ട്. കുറ്റപത്രം സമര്‍പ്പിച്ച മൂന്ന് കേസുകളില്‍ പ്രതിയാകണം കാപ്പ ചുമത്തണമെങ്കില്‍. മുന്‍കാല കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കിയതോടെ ഇയാളുടെ പേരില്‍ മൂന്ന് കേസുകള്‍ മാത്രമേ നിലവിലുള്ളൂ. ഇതില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുവാനുള്ള പോലീസ് നീക്കത്തിനു തിരിച്ചടിയാകും.
നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് നടപടി ക്രമങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുവാന്‍ ഉത്തര മേഖല എ. ഡി. ജി. പി. ശങ്കര്‍ റെഡ്ഡിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിലവില്‍ കേസിന്റെ അന്വേഷണ ചുമതല തൃശ്ശൂര്‍ കമ്മീഷ്ണര്‍ നിശാന്തിനിക്കാണ്.
നിഷാമിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇയാളുടെ മരണ മൊഴി രേഖപ്പെടുത്തുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ചന്ദ്രബോസ് സംസാരിച്ചിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ പേരാമംഗലം സി. ഐ. ബിജു കുമാറിനെതിരെ ഉപലോകായുക്ത സ്വമേധയാ കേസെടുത്തു. ചന്ദ്രബോസിനെ ആക്രമിച്ച കേസില്‍ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നിഷാമിപ്പോള്‍ ജയിലിലാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പോലീസ്