സ്വാതിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി

July 14th, 2012

swathi-krishna-epathram

കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സ്വാതികൃഷ്ണയുടെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത അശുപത്രിയിൽ പൂര്‍ത്തിയായി. ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള ഇരുപതംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നു ആരംഭിച്ച സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ രാത്രി വൈകുവോളം നീണ്ടു. സ്വാതിയുടെ അമ്മയുടെ സഹോദരി റെയ്നിയാണ് കരള്‍ ദാതാവ്. റെയ്നിയുടെ കരളിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് സ്വാതിയുടെ ശരീരത്തില്‍ വെച്ചു പിടിപ്പിക്കുകയായിരുന്നു.

കടുത്ത മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍ തകരാറിലായ സ്വാതിയുടെ ജീവന്‍ രക്ഷിക്കുവാന്‍ കരള്‍ മാറ്റി വെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്വാതിയുടെ അമ്മ കരള്‍ നല്‍കുവാന്‍ തയ്യാറായെങ്കിലും അവരുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതു നടന്നില്ല. പിന്നീട് അമ്മയുടെ സഹോദരി റെയ്നി തന്റെ കരള്‍ ഭാഗികമായി നല്‍കുവാന്‍ തയ്യാറായി മുന്നോട്ടു വന്നു. എന്നാല്‍ ഇത് അവയ‌വ ദാനത്തിന്റെ സങ്കീര്‍ണ്ണതയില്‍ കുടുങ്ങി. ഇതിനിടയില്‍ സ്വാതിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കുകയും ആയിരുന്നു. 48 മണിക്കൂറിനു ശേഷമേ ശസ്ത്രക്രിയയുടെ വിജയത്തെ കുറിച്ച് പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

പ്ലസ് ടു വിദ്യാര്‍ഥിയായ സ്വാതി പഠനത്തില്‍ വളരെ മിടുക്കിയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സഹപാഠികളും നാട്ടുകാരും ആയിരുന്നു ചികിത്സാ സഹായം നല്‍കിയിരുന്നത്. പ്രവാസ ലോകത്തു നിന്നും സ്വാതിക്ക് സഹായ ഹസ്തം എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തടിയന്റവിട നസീറിനു സിം‌ കാര്‍ഡ്; ഷാഹിന അറസ്റ്റില്‍

July 12th, 2012

shahina-sim-card-epathram

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനും കൂട്ടാളികള്‍ക്കും എറണാകുളം സബ്‌ ജയിലിനകത്ത് മൊബൈല്‍ സിം കാര്‍ഡ് എത്തിച്ചു നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം പാലത്തും തറയ്ക്കല്‍ ദീപ ചെറിയാന്‍ എന്ന ഷാഹിന (31) ആണ് പോലീസ് പിടിയിലായത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി എറണാകുളം സബ്‌ ജയിലില്‍ കഴിയുന്ന ഷാഹിനയുടെ ഭര്‍ത്താവ് നൌഷാദ് വഴിയാണ് സിം കാര്‍ഡ് ജയിലില്‍ എത്തിച്ചത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച് നസീര്‍ വിദേശത്തേക്ക് വിളിച്ചതായി കരുതുന്നു.

തിരിച്ചറിയല്‍ രേഖകള്‍ പോലും നല്‍കാതെയാണ് എറണാകുളം പാലാരിവട്ടത്തെ ഒരു സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്റ്റോറില്‍ നിന്നും ഷാഹിന സിം കാര്‍ഡുകള്‍ വാങ്ങിയതെന്ന് പോലീസ് പറയുന്നു. രേഖകള്‍ നല്‍കാതെ സിം കര്‍ഡുകള്‍ കൊണ്ടു പോയതിനെതിരെ മൊബൈല്‍ കമ്പനിയുടെ പ്രതിനിധികള്‍ ഷാഹിനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് ഷാഹിനയെ ചൊവ്വാഴ്ച രാത്രി എസ്. ആര്‍. എം. റോഡില്‍ വച്ച് അറസ്റ്റ് ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെ സിം കാര്‍ഡ് നല്‍കിയതിന്റെ പേരില്‍ കമ്പനി സ്റ്റോറിലെ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നേരത്തെ വിവാഹിതയായിരുന്ന ദീപ ചെറിയാന്‍ ആലുവ സ്വദേശി നൌഷാദുമായി പ്രേമത്തിലായതിനെ തുടര്‍ന്നാണ് മതം മാറി ഷാഹിനയായത്. തുടര്‍ന്ന് എറണാകുളത്തെ ഒരു വീട്ടില്‍ പേയിങ്ങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ ജയിലില്‍ കഴിയുന്ന നൌഷാദിനെ കാണാന്‍ എത്താറുണ്ടായിരുന്നു. അതിനിടയിലാണ് നൌഷാദ് വഴി തടിയന്റവിട നസീറിനു സിം കാര്‍ഡ് എത്തിക്കുവാന്‍ സഹായിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി കുടുംബ സംഗമം കുട്ടിക്കാനത്ത്

July 12th, 2012

kuttikkanam-altius-epathram

ഇടുക്കി ജില്ലയില്‍ തേയില തോട്ടങ്ങളുടേയും കോടമഞ്ഞു നിറഞ്ഞ മല നിരകളുടേയും സംഗമ സ്ഥാനമായ കുട്ടിക്കാനത്ത്‌ പ്രവാസി മലയാളികള്‍ക്കായി ഒരു അപൂര്‍വ്വ കുടുംബ സംഗമത്തിന്‌ വേദി ഒരുങ്ങുന്നു. ജലനിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം മരിയന്‍ കോളേജാണ്‌ ഈ കുടുംബ സംഗമത്തിന്‌ ആഗസ്റ്റ്‌ മാസം 10 മുതല്‍ 12 വരെ തീയതികളില്‍ സാക്ഷ്യം വഹിക്കുന്നത്‌. ഇരുപതിലേറെ വിദേശ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള 150ഓളം പ്രവാസി കുടുംബങ്ങള്‍ക്കാണ്‌ ഇവിടെ ഒത്തുചേരാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്‌. കേരളത്തിനും ഇന്ത്യയ്‌ക്കും പുറത്ത്‌ താമസിക്കുന്ന ഏതു വിദേശ മലയാളിക്കും കുടുംബ സമേതം പ്രവേശനം ഉണ്ടെന്നുളളതാണ്‌ ഈ മേളയുടെ പ്രത്യേകത. വിവിധ തരം സന്ദര്‍ഭങ്ങളില്‍ വിദേശത്ത്‌ ജോലി ചെയ്യുന്ന നമ്മുടെ മലയാളി സഹോദരങ്ങള്‍ക്ക്‌ അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും വിട്ടു മാറി മനസ്സുകളെ ഉന്മേഷഭരിതമാക്കി അവരവരുടെ കര്‍മ്മ രംഗങ്ങളിലേയ്‌ക്ക്‌ തിരിച്ചു പോകുവാന്‍ കുട്ടിക്കാനം സഹായിക്കുമെന്ന്‌ സംഘാടകര്‍ പറയുന്നു.

ബഹുമാനപ്പെട്ട കേരള ജല വിഭവ മന്ത്രി പി. ജെ. ജോസഫും കുടുംബവും നയിക്കുന്ന സംഗീത സന്ധ്യയും, സിനിമാ താരവും കേരള സംഗീത നാടക അക്കാഡമി മുന്‍ ചെയര്‍മാന്‍ മുകേഷിന്റെ നര്‍മ്മ സല്ലാപവും മുന്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എം. എ. ബേബി, കെ. റ്റി. ഡി. സി. ചെയര്‍മാന്‍ വിജയൻ തോമസ്‌ എന്നിവരുമായുള്ള ചോദ്യോത്തര വേളയും സംഗമത്തിന്‌ മാറ്റു കൂട്ടുമെന്ന്‌ സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ പാചക മുറകള്‍ പഠിക്കുവാനും, അത്‌ മറ്റുള്ളവരുമായി പങ്കു വെയ്‌ക്കുവാഌം വീട്ടമ്മമാര്‍ക്ക്‌ ഇവിടെ അവസരം ലഭിക്കുന്നു. തേയില തോട്ടങ്ങളിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് സഞ്ചരിക്കുവാനും, ഫോട്ടോഗ്രാഫിക്കും ഈ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ അവസരം ഉണ്ടാകും. ചെറിയ കുട്ടികള്‍ക്ക്‌ ഫണ്‍ സോണും, മുതിര്‍ന്നവര്‍ക്ക്‌ കരിയര്‍ കൗണ്‍സിലിംഗും ഉണ്ടായിരിക്കും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചലചിത്ര ഗാന മത്സരവും കലാ സന്ധ്യയും ഈ കുടുംബ സംഗമത്തിന്‌ മികവു പകരുന്നു. ബിസിനസ്സ്‌ സംരംഭക ചര്‍ച്ചകള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്‌. പാശ്ചാത്യ ഭക്ഷണവും നാടന്‍ ഭക്ഷണവും വിദേശ മലയാളികളുടെ വിവിധ തലമുറകളുടെ അഭിരുചിക്കനുസരിച്ച്‌ ഒരുക്കുന്നുണ്ട്‌.

വളരെ മിതമായ നിരക്കിലുള്ള താമസ സൗകര്യങ്ങള്‍ ഓരോ കുടുംബത്തിനും തിരഞ്ഞെടുക്കാന്‍ പറ്റുന്ന വിധത്തില്‍ ലഭ്യമാണ്‌. ഒരു കുടംബത്തിന്‌ 2 രാത്രിയും 3 പകലും രൂപ 1800/- മുതല്‍ രൂപ 10,000/- വരെയുള്ള റിസോര്‍ട്ടുകളാണ്‌ താമസത്തിന്‌ ഒരുക്കിയിരിക്കുന്നത്‌ എന്ന് സംഘാടകര്‍ അറിയിച്ചു.
തേയിലയും സുഗന്ധ വ്യഞ്ജനങ്ങളും വില കുറച്ച്‌ വാങ്ങാവുന്ന സ്റ്റോളുകള്‍ പ്രവാസി കുടുംബങ്ങള്‍ക്ക്‌ ഒരു അനുഗ്രഹമായിരിക്കും.

മലയാളികളുടെ മനോഭാവ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന കോളേജ്‌ വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്‌മയായ ഓള്‍ട്ട്യൂസാണ്‌ കുട്ടിക്കാനം സംഗമത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്‌. പ്രവാസി കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ താഴെ കൊടുത്ത ഈമെയിൽ വിലാസത്തിലോ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക:

ഈമെയില്‍ – nrkfest@gmail.com
ഫോണ്‍ – 0471- 2479110, 95622441817

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലാ‌വ്‌ലിന്‍ കേസ്: പിണറായി വിജയന്‍ ഹാജരായില്ല

July 10th, 2012
pinarayi-vijayan-epathram
തിരുവനന്തപുരം: എസ്. എൻ. സി. ലാ‌വ്‌ലിന്‍ കേസില്‍ പ്രതിയായ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്തെ സി. ബി. ഐ. കോടതിയില്‍ ഹാജരായില്ല. ചൊവ്വാഴ്ച ഹാജരാകണമെന്ന് കാണിച്ച് പിണറായി വിജയനു കത്തു നല്‍കിയിരുന്നു. പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു.
കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുവാനാണ് ശ്രമമെന്നും ഇത് മറ്റു പ്രതികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ലാ‌വ്‌ലിന്‍ കമ്പനിക്കും കമ്പനി പ്രതിനിധി ക്ലോസ് ട്രെന്റലിനുമെതിരായ വാറണ്ട് കാനഡ സര്‍ക്കാറിനു കൈമാറിയിട്ടുണ്ടെന്ന് സി. ബി. ഐ. കോടതിയെ ബോധിപ്പിച്ചു. കേസ് ഓഗസ്റ്റ്‌ പത്തിനു വീണ്ടു പരിഗണിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രമയും മകനും പുതിയ വീട്ടിലേക്ക്

July 10th, 2012

t.p family-epathram

ഒഞ്ചിയം: ടി. പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകളുമായി ഭാര്യ രമയും മകനും അമ്മൂമ്മയും മുത്തശ്ശനും ടി. പി. എന്നു പേരിട്ട  പുതിയ വീട്ടിലേക്ക് താമസം മാറി. ഒരു കുടുംബത്തിന്റേയും സ്വപ്നങ്ങളും പ്രതീക്ഷകളും സന്തോഷവുമാണ് ഒരു സംഘം കൊലയാളികൾ ഇരുളിന്റെ മറവില്‍ അമ്പത്തൊന്നു വെട്ടുകളിലൂടെ ഇല്ലാതാക്കിയത്. സ്വന്തം വീട്ടില്‍ ഒരു രാത്രി പോലും കിടന്നുറങ്ങുവാന്‍ ടി. പി. ക്ക് ഭാഗ്യമുണ്ടായില്ല. വീടിന്റെ പണി പൂർത്തിയാകും മുൻപ് മെയ് നാലിന് രാത്രി പത്തു മണിയോടെ ഒരു സംഘം ടി. പി. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തി. ടി. പി. കൊല്ലപ്പെട്ടതിനു ശേഷം വി. എസ്. അച്യുതാനന്ദന്‍ ജൂണ്‍ രണ്ടിനു ടി. പി. യുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് രമ പുതിയ വീട്ടിലേക്ക് കയറിയത്. ജൂലൈ ആദ്യ വാരം ഗൃഹപ്രവേശം നടത്തണം എന്നായിരുന്നു ചന്ദ്രശേഖരന്റെ ആഗ്രഹം.

തന്റെ ജീവിതം ജനങ്ങള്‍ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ ടി. പി. ക്ക് സ്വന്താമായി വീടൊരുക്കുമ്പൊളും അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. കാണുവാന്‍ വരുന്നവർക്ക് ഇരിക്കുവാനും ദൂര ദിക്കുകളീല്‍ നിന്നും വരുന്ന  സഖാക്കള്‍ക്ക് താമസിക്കുവാനും ഉള്ള സൌകര്യം വീട്ടില്‍ ഒരുക്കിയിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം ഇല്ലാതിരുന്ന ടി. പി. യെ ഭാര്യ രമയാണ് വീടു വെയ്ക്കുവാന്‍ പ്രേരിപ്പിച്ചത്. 2009 നവമ്പറില്‍ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. വീടു നിര്‍മ്മിക്കുന്നതില്‍ സഖാക്കളും ടി. പി. ക്കൊപ്പം ചേര്‍ന്നു. ടി. പി. യുടെ മരണ ശേഷം വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അത് പൂര്‍ത്തിയാക്കുകയായിരുന്നു.

ടി. പി. ചന്ദ്രശേഖരന്‍ ഇല്ലാത്ത വീടിന്റെ കുടിയിരിക്കല്‍ ചടങ്ങ് വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഒരു ചടങ്ങായി ചുരുക്കി. രമയുടെ പിതാവ് കെ. കെ. മാധവനും ഒപ്പം ചില അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ സംബന്ധിച്ചത്‍.  ടി. പി. എന്ന ഈ വീട്  ഒഞ്ചിയത്തിന്റെ ഭൂമിയില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ നടുക്കം ജനിപ്പിക്കുന്ന ഒരു സ്മാരകം കൂടെയായി മാറുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page — « Previous « പാട്ടക്കരാര്‍ ലംഘിച്ച എല്ലാ എസ്റ്റേറ്റുകളും ഏറ്റെടുക്കും: മന്ത്രി ഗണേശ് കുമാര്‍
Next » — Next Page » ലാ‌വ്‌ലിന്‍ കേസ്: പിണറായി വിജയന്‍ ഹാജരായില്ല »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine