തൃശൂർ : പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിലിൻ്റെ ‘കാട്ടൂർ കടവ്’ എന്ന നോവലിന് 2024 ലെ വയലാർ രാമ വർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ്. വയലാറിൻ്റെ ചരമ ദിനമായ ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് 48 – ആമത് വയലാർ പുരസ്കാരം സമ്മാനിക്കും.
തിരുവനന്തപുരത്ത് ചേർന്ന പുരസ്കാര നിർണ്ണയ കമ്മിറ്റിയുടെ യോഗത്തിൽ വയലാര്‍ അവാര്‍ഡ് ജേതാവു കൂടിയായ നോവലിസ്റ്റ് ബന്യാമിന്‍, പ്രൊഫ. കെ. എസ്. രവി കുമാർ, ഗ്രേസി ടീച്ചർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞി രാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
ട്രസ്റ്റ് പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കേരള ത്തിലെ രാഷ്ട്രീയ മനസ്സിൻ്റെ ആഖ്യാനമാണ് കാട്ടൂര്‍ കടവ് എന്ന് ജഡ്‌ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.