കോഴിക്കോട്: യത്തീംഖാന അന്തേവാസിയായ പതിനേഴുകാരിയെ അറബിക്ക് വിവാഹം കഴിച്ച് ആഴ്ചകള്‍ക്കകം ഉപേക്ഷിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിയസ്കോ യത്തീംഖാന ഭാരവാഹികള്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെച്ചു. യത്തീം ഖാന ചെയര്‍മാന്‍ പി. എൻ. ഹംസക്കോയ, സെക്രട്ടറി പി. ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ ബി. വി. മാമുക്കോയ എന്നിവരാണ് രാജി വെച്ചത്. അടിയന്തിരമായി ചേര്‍ന്ന സിയെസ്കോ യോഗത്തില്‍ സത്യം തെളിയുന്നത് വരെ മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരുടെ രാജി അംഗീകരിക്കുകയായിരുന്നു.
ജുണ്‍ 13 നാണ് യു. എ. ഈ. പൌരത്വമുള്ള ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന അറബി യത്തീംഖാനയിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രേഖകളില്‍ അറബിയാണെന്ന കാര്യം മറച്ചു വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇയാള്‍ സ്വദേശമായ യു. എ. ഈ. യിലേക്ക് മടങ്ങിപ്പോയി. പെണ്‍കുട്ടിയെ താന്‍ മൊഴി ചൊല്ലിയതായി മധ്യസ്ഥന്‍ വഴി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നും പരാതി നല്‍കുകയായിരുന്നു. കേരളത്തിലെ പല റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിച്ച് ഏതാനും ദിവസം ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊഴി ചൊല്ലുകയായിരുന്നു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് അറബി, അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍ മറ്റൊരു ബന്ധു എന്നിവരെയും ഓര്‍ഫനേജ് അധികൃതരേയും പ്രതിയാക്കി പോലീസ് കേസെടുത്തു.