തിരുവനന്തപുരം: അറബ് നാടുകളില്‍ ഏറെ പ്രചാരമുള്ള ഭക്ഷണമാണ് ഷവര്‍മ. കുബ്ബൂസിനകത്ത് ഗ്രില്‍ ചെയ്ത ഇറച്ചിയുടെ കഷ്ണങ്ങളും സോസും വെജിറ്റബിള്‍ മിക്സും ചേര്‍ത്ത് മടക്കിയെടുക്കുന്ന ഈ വിഭവം ഏറെ സ്വാദുള്ളതുമാണ്. പ്രവാസികള്‍ ധാരാളമുള്ള ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ഷവര്‍മ വളരെ പെട്ടെന്നു തന്നെ നാട്ടിലും പ്രിയ വിഭവമായി മാറി. നഗരങ്ങളിലും നഗര പ്രാന്തങ്ങളിലും ഉള്ള ഹോട്ടലുകളില്‍ വൈകുന്നേരങ്ങളില്‍ ഷവര്‍മയുടെ രുചി തേടി നാട്ടിന്‍ പുറങ്ങളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങി.
എന്നാല്‍ ഇന്നിപ്പോള്‍ ഷവര്‍മ ഒരു വില്ലനായി മാറിയിരിക്കുന്നു. പലയിടങ്ങളിലും ഫുഡ് ഇന്‍ഫെക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഒരാളുടെ മരണം സംഭവിക്കുന്നതു വരെ അത് അത്ര ഗൌരമായി കണക്കാക്കപ്പെട്ടില്ല. അസുഖം വന്നു ചത്തതും ചീഞ്ഞതുമായ കോഴികളെ വരെ ഷവര്‍മയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം വഴുതക്കാട്ടെ സൽവാ കഫെയില്‍ നിന്നും ഷവര്‍മ കഴിച്ച് ബാംഗ്ലൂരിലേക്ക് പോയ സച്ചിന്‍ മാത്യു എന്ന യുവാവ് അവിടെ വെച്ച് വിഷബാധയെ തുടര്‍ന്ന് മരിച്ചു. ഇതേ സ്ഥാപനത്തില്‍ നിന്നും ഷവര്‍മ കഴിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഡബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകനും കുടുംബവും അടക്കം പത്തിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. സല്‍വാ കഫേ ഉടമ അബ്ദുള്‍ ഖാദറിനെതിരെ ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണം വിറ്റതിനുള്‍പ്പെടെ പോലീസ് കേസെടുത്തിട്ടുണ്ട്.
കര്‍ശനമായ ഫുഡ് സേഫ്റ്റി നിയമങ്ങളും അത് കൃത്യമായി നടപ്പാക്കപ്പെടുകയും ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അവസ്ഥയാണ് കേരളത്തില്‍. സംസ്ഥാനത്ത് ശമ്പളം പറ്റുന്ന ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ ഹോട്ടലുകളിലും മറ്റും പരിശോധന നടത്തുന്നതു തന്നെ അപൂര്‍വ്വം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ധാരാളമുണ്ട് സംസ്ഥാനത്ത്. ഇവയില്‍ മിക്ക ഹോട്ടലുകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വഴിപാടു പോലെ നടത്തുന്ന പരിശോധനകളില്‍ ചിലപ്പോള്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ശിക്ഷിക്കപ്പെടുക അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം മാത്രമാണ്. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകുകയും അതേ തുടര്‍ന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്യുമ്പോള്‍ മാത്രം ഒന്നോ രണ്ടോ ദിവസം പേരിനു റെയ്ഡും പരിശോധനയും നടക്കും. അതല്ലാതെ കാലങ്ങളായി ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷകാന്തി കാണിക്കാറില്ല. സച്ചിന്‍ മാത്യുവിന്റെ മരണ ശേഷം ആരോഗ്യ വകുപ്പ് അധികൃതര്‍ ചില റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും മാധ്യമ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുന്നതോടെ കാര്യങ്ങള്‍ വീണ്ടും പഴയ പടിയാകും.