മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൂട്ട ആത്മഹത്യ കൂടി. വഴിക്കടവ് പൂവത്തിപ്പൊയിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും മൂന്നു മക്കളും വെട്ടേറ്റു മരിച്ച നിലയിലും ഗൃഹനാഥന്‍ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടത്. പ്രാഥമിക അന്വേഷണത്തില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ തൂങ്ങിമരിക്കുകയാണെന്ന് കരുതുന്നു. കുടകില്‍ നിന്ന് വഴിക്കടവില്‍ വന്നു താമസിക്കുന്ന പൂനത്തില്‍ സെയ്‌ദലിയും കുടുംബാംഗങ്ങളുമാണ് ദുരുഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. സെയ്ദലവി, ഭാര്യ സഹീന, മക്കളായ മൊഹ്‌സീന, അന്‍സാര്‍, അഫ്‌നാസ് എന്നിവരാണ് മരിച്ചത്. നാലു പേരുടെ മൃതദേഹം വീടിനുള്ളിലും ഗൃഹനാഥന്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത് . ഇന്നലെ രാത്രിയാണ് കൂട്ടമരണം നടന്നതെന്ന് കരുതുന്നു. കാരണം വ്യക്‌തമല്ല എങ്കിലും കൂട്ട ആത്മഹത്യ തന്നെയാകാനാണ് കൂടുതല്‍ സാധ്യത എന്ന് പോലീസ് പറഞ്ഞു. സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.