മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളത്ത് വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്‌ഥയില്‍. ഒന്നരവയസുകാരി നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിനു സമീപം പരീക്കപ്പീടിക വളവിലായിരുന്നു ദുരന്തം. തൊടുപുഴ മുണ്ടേക്കല്ല് ചെട്ടിക്കുന്നേല്‍ രവീന്ദ്രന്റെ മകന്‍ സുബീഷ് (28), ബന്ധു രാമകൃഷ്‌ണന്‍ (56) എന്നിവരാണു മരിച്ചത്. സുബീഷിന്റെ അമ്മ കനക (48), സഹോദരഭാര്യ തനൂജ അബി (29), മരിച്ച രാമകൃഷ്‌ണന്റെ ഭാര്യ വിജയമ്മ (53) എന്നിവര്‍ക്കാണു പരുക്ക്. തനൂജയുടെ ഒന്നരവയസുളള മകള്‍ നിരഞ്‌ജനയ്‌ക്കു നിസാര പരുക്കുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാറും തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയ്ക്ക് പോയ കെ. എസ്. ആര്‍. ടി. സി ബസും ആണ് കൂട്ടിയിടിച്ചത്.
ഉടന്‍തന്നെ ഇതുവഴി വന്ന ജോസഫ് വാഴയ്‌ക്കന്‍ എം. എല്‍. എയുടെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു മൂന്നുപേരെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കി.
സുബീഷിന്റെ ഇളയച്‌ഛന്റെ മകന്റെ വിവാഹം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. വധൂവരന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും മുമ്പേ ഇവര്‍ വിവാഹ വീട്ടില്‍ നിന്നു തിരിച്ചു. വരന്റെ വീട്ടിലെത്തുന്ന വധുവിന്റെ ബന്ധുക്കളെ സല്‍ക്കരിക്കുന്നതിനുളള ഒരുക്കം നടത്താനാണ് ഇവര്‍ നേരത്തെ പുറപ്പെട്ടത്.