തിരുവനന്തപുരം: കഴക്കൂട്ടത്ത് കരിക്കകം ക്ഷേത്രത്തിനടുത്ത് പാര്‍വ്വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് നാലു കുട്ടികളും ഒരു സ്ത്രീയും മരിച്ചു. പേട്ട ലിറ്റില്‍ ഹാര്‍ട്ട് നേഴ്സറി സ്കൂളിലെ കുട്ടികളായ ആര്‍ഷ ബൈജു, ഉജ്ജ്വല്‍, അച്ചു, ജിനന്‍ എന്നിവരും ആയ വട്ടിയൂര്‍ക്കാവ് സ്വദേശി ബിന്ദു എന്നിരുമാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് കുട്ടികളില്‍ അഞ്ജു എന്ന കുട്ടിയുടെ നില ഗുരുതരമാണ്. മറ്റു കുട്ടികള്‍ അപകട നില തരണം ചെയ്തു. അപകടത്തില്‍ പെട്ടവരെ കിംസ് ഹോസ്പിറ്റലിലും ലോര്‍ഡ്സ് ഹോസ്പിറ്റലിലും മെഡിക്കല്‍ കോളേജിലും മറ്റുമാണ് പ്രവേശിപ്പിച്ചിരുന്നത്. ഡ്രൈവര്‍ ഷിബു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ട ഒരു കുട്ടിയെ ഇയാള്‍ രക്ഷപ്പെടുത്തിയിരുന്നു.
രാവിലെ സ്കൂളിലേക്ക് കുട്ടികളേയും കൊണ്ട് പോകുകയായിരുന്ന മാരുതി ഓംനി വാനാണ് അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ വന്ന വാഹനം മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് പാര്‍വ്വതി പുത്തനാറിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും അഗ്നി ശമന സേനയും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍വ്വതി പുത്തനാറില്‍ ആഫ്രിക്കന്‍ പായലും മറ്റു ചപ്പുചവറുകളും നിറഞ്ഞിരി ക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടു. വാഹനത്തിന്റെ ചില്ലു പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. വെള്ളത്തില്‍ താഴ്ന്ന് പോയ ഓമിനി വാന്‍ നാട്ടുകാരും അഗ്നി ശമന സേനയും ചേര്‍ന്ന് പൊക്കിയെടുത്തു.
ജല വിഭവ മന്ത്രി എം. കെ. പ്രേമചന്ദ്രന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും എം. എല്‍. എ. മാര്‍ അടക്കം ഉള്ള നേതാക്കന്മാരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പാര്‍വ്വതി പുത്തനാറിന്റെ വശത്തു കൂടെ കടന്നു പോകുന്നത് തീരെ ഇടുങ്ങിയ റോഡാണ്. കായലിനു കൈവരികളോ മറ്റോ ഇല്ലാത്തതിനാല്‍ ഇത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയും ഉടനെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്ന് അറിയുന്നു.
ആശുപത്രിയില്‍ ദുരന്തത്തില്‍ പെട്ടവരുടെ ബന്ധുക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരുടെ നടപടി സ്ത്രീകള്‍ അടക്കം ഉള്ള ബന്ധുക്കളെ രോഷാകുലരാക്കി. പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുന്നതും അവരുടെ വിയോഗത്തില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നതും പകര്‍ത്തുന്നത് അത്യന്തം ക്രൂരതയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ പെട്ടവരേയും അവരുടെ വിയോഗത്തില്‍ വിലപി ക്കുന്നവരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങളില്‍ കാണിക്കുന്നത് മുന്‍പും ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.