തൃശ്ശൂര്‍: തൃശ്ശൂര്‍ മുളങ്കുന്നത്തു കാവിനടുത്ത് അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളറ്റ ഏഴു പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ പടക്ക നിര്‍മ്മാണ ശാലയുടെ ഉടമയായ ജോഫിയും കൊല്ലപ്പെട്ടു. വാഹനങ്ങള്‍ എത്തുവാന്‍ ബുദ്ധിമുട്ടുള്ള ഒരു കുന്നിന്റെ മുകളില്‍ ആയിരുന്നു പടക്ക നിര്‍മ്മാണ ശാല. അപകടം ഉണ്ടായപ്പോള്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തെത്തുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇത് രക്ഷാ പ്രവര്‍ത്തനങ്ങളെ വൈകിപ്പിക്കുവാന്‍ ഇടയാക്കി. രണ്ടു മണിക്കൂറിലേറെ സമയമെടുത്താണ് തീ പൂര്‍ണ്ണമായും അണയ്ക്കുവാനായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ചില വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.