ചിരിയും ചിന്തയും സമന്വയിപ്പിച്ച്, കുറിക്കു കൊള്ളുന്ന കാര്‍ട്ടൂണുകള്‍ വരക്കുന്ന ടി. കെ. സുജിത്തിന് തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കേരള കൌമുദിയിലെ സ്റ്റാഫ് കാര്‍ടൂണിസ്റ്റായ ഇദ്ദേഹം, 2009 ഡിസംബര്‍ 27 നു കേരള കൌമുദിയുടെ വാരാന്ത്യ കൌമുദിയില്‍ വരച്ച “നവരസങ്ങള്‍” എന്ന രാഷ്ടീയ കാര്‍ട്ടൂണാണ് അവാര്‍ഡിന് അര്‍ഹമായത്. തോമസ് ജേക്കബ്, യേശുദാസന്‍, പ്രസന്നന്‍ ആനിക്കാട് എന്നിവരാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
2009 ലെ പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി വരച്ച ഈ കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
പുരസ്കാരത്തിന് അര്‍ഹമായ "നവരസങ്ങള്‍" എന്ന കാര്‍ട്ടൂണ്‍
തൃശ്ശൂര്‍ തിരുമിറ്റക്കാട് ടി. ആര്‍. കുമാരന്റേയും, പി. ആര്‍. തങ്കമണിയുടേയും മകനായ സുജിത്ത് വിദ്യാര്‍ഥി യായിരിക്കെ തന്നെ കാര്‍ട്ടൂണ്‍ രചനയില്‍ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥ മാക്കിയിട്ടുണ്ട്. 1997 മുതല്‍ 2000 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ കലാ മത്സരങ്ങളില്‍ കാര്‍ട്ടൂണ്‍ രചനയില്‍ ഒന്നാം സ്ഥാനം ഇദ്ദേഹത്തിനായിരുന്നു. 2000-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചിത്ര പ്രതിഭ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. ഇന്ദുലേഖ.കോം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ കാര്‍ടൂണ്‍ എക്സിബിഷന്‍ ലിംകാ ബുക്സ് ഓഫ് റെക്കോര്‍ഡ്സ് 2009-ല്‍ ഇടം പിടിച്ചിരുന്നു. 2005 ലാണ് ആദ്യമായി സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. കേരള ലളിത കലാ അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍, 2006 ലും 2008 ലും തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ്, പാമ്പന്‍ മാധവന്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
രാഷ്ടീയം പ്രധാന പ്രമേയമാക്കി കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന സുജിത്തിന്റെ രചനകള്‍ക്ക് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആണ് സമീപ കാലത്ത് ഏറ്റവും അധികം വിഷയ മായിട്ടുള്ളത്. സുജിത്തിന്റെ ബ്ലോഗ്ഗായ www.tksujith.blogspot.com മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ ബ്ലോഗ്ഗാണ്. എല്‍. എല്‍. എം. ബിരുദധാരിയായ സുജിത് ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. ഭാര്യ അഡ്വ. എം നമിത , മക്കള്‍: അമല്‍, ഉമ.
കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം