തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചു.
സാമ്പ്രദായിക സമീപനങ്ങള്‍ ക്കുമപ്പുറം കടന്ന് നമ്മുടെ സ്വത്വത്തെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ കൃതിയില്‍ ഗ്രന്ഥകാരന്‍ നടത്തുന്നത്. എണ്ണപ്പാടങ്ങളായി ചിതറി പ്പാര്‍ക്കുന്നവരുടെ സാഹിത്യം മുതല്‍ പരിസ്ഥിതി പെണ്‍ വാദത്തിന്റെ നവ രാഷ്ട്രീയം വരെയുള്ള വ്യത്യസ്ത വിഷയങ്ങളെ മാനവികമായ ഒരു ദര്‍ശനവുമായി ഉല്‍ഗ്രഥിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. പെരുമ്പടവം ശ്രീധരന്‍, ഡോ. അശോകന്‍ മുണ്ടോന്‍, കെ. ഇ. എന്‍. എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരത്തിന് അര്‍ഹമായ രചന തെരഞ്ഞെടുത്തത് എന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ അറിയിച്ചു.
2010ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരത്തിനാണ് ഈ കൃതി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ് ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ് ക്വാളിറ്റി വിഭാഗം മേധാവിയാണ്.
മലപ്പുറം ജില്ലയിലെ പന്താവൂരില്‍ ജനിച്ച ഇദ്ദേഹം പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനിയറിംഗ് ബിരുദം എടുത്തു. ബോംബെ സര്‍വകലാശാല യുടെ കീഴിലുള്ള എഞ്ചിനിയറിംഗ് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്ന് അമേരിക്കയിലെ പി. എം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രൊഫഷണല്‍ പ്രോജക്റ്റ് മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍ നേടി. ഇന്ത്യന്‍ എന്ജിനിയേഴ്സ് അസോസിയേഷന്‍, യു. എ. ഇ. സൊസൈറ്റി ഓഫ് എന്ജിനിയേഴ്സ് എന്നീ പ്രൊഫഷണല്‍ അംഗത്വങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ ഡോ. സ്മൃതി. മക്കള്‍ ഋത്വിക്, അഭിരാം. കഴിഞ്ഞ 18 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം യു.എ.ഇ. യിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ സജീവമാണ്. ആനുകാലികങ്ങളില്‍ സംസ്കാര വിമര്‍ശനങ്ങളും നോവല്‍ പഠനങ്ങളും എഴുതി വരുന്നു.
തന്റെ ആദ്യ കൃതിയായ “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന ഗ്രന്ഥത്തിന് മഹാനായ എന്‍.വി. കൃഷ്ണവാര്യരുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് മണികണ്ഠന്‍ e പത്ര ത്തോട് പറഞ്ഞു. എന്നാല്‍ ഇത് തന്നില്‍ വലിയൊരു ഉത്തരവാദിത്തം കൂടിയാണ് ഏല്‍പ്പിക്കുന്നത് എന്ന ബോദ്ധ്യവും തനിക്കുണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റാന്‍ ഉള്ള ശ്രമമാവും ഇനിയുള്ള തന്റെ സാഹിത്യ സാംസ്കാരിക സപര്യ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.