കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ പ്രതികളായ തടിയന്റവിട നസീറിനും, ഷഫാസിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രത്യേക എന്‍. ഐ. എ കോടതിയാണ് സ്ഫോടനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ബോംബ് നിര്‍മ്മാണം മുതല്‍ സ്ഫോടനം നടത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തിയ ഒന്നാം പ്രതി തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും 1,60,000 രൂപ പിഴയും നാലാം പ്രതിയായ ഷഫാസിന് ഇരട്ട ജീവപര്യന്ത്യവും 1,10,000 രൂപ പിഴയുമാണ് വിധിച്ചത്. ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. പ്രതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ദേശാഭിമാനികളുടെ ജീവചരിത്രവും വായിക്കുവാനായി നല്കുവാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എസ്.വിജയകുമാറിന്റേതാണ് വിധി. കേസില്‍ പ്രതികളായ ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യത്തിലും യൂസഫിനെ തെളിവില്ലാത്തതിനാലും കോടതി വെറുതെ വിട്ടു.
സ്ഫോടനത്തെ തീവ്രവാദി ആക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഫോടനം നടത്തുവാന്‍ വെള്ളിയാഴ്ച തിരഞ്ഞെടുത്തതില്‍ വ്യക്തമായ ലക്ഷ്യം ഉണ്ടെന്നും സ്ഫോടനത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്തുവാനും തീവ്രവാദം ഊട്ടിയുറപ്പിക്കുവാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്നും കോടതി കണ്ടെത്തി. രാജ്യദ്രോഹം, ഗൂഢാലോചന, ആയുധ നിരോധന നിയമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയോട് അഭ്യര്‍ഥിച്ചു. ശിക്ഷാവിധിക്ക് ശേഷം പ്രതികള്‍ക്ക് എന്തെങ്കിലും പറയുവാനുണ്ടോ എന്ന് ജഡ്ജി അന്വേഷിച്ചു. തനിക്ക് ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമാണുള്ളതെന്നും അവര്‍ തന്റെ സംരക്ഷണയിലാണെന്നും തടിയന്റവിട നസീര്‍ പറഞ്ഞു. പ്രതികള്‍ ഇരുവരും തങ്ങള്‍ ചെയ്ത കുറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചില്ല.
കേസില്‍ മാപ്പു സാക്ഷിയായ ഷമ്മി ഫിറോസിന്റെ മൊഴി നിര്‍ണ്ണായകമായിരുന്നു. ഷമ്മി ഫിറോസിന്റെ മൊഴി സത്യത്തിന്റെ പ്രകാശമാണ് പരത്തുന്നതെന്ന് കോടതി വിധിയില്‍ പറഞ്ഞു. ഏഴാം പരതിയായിരുന്ന ഷമ്മി ഫിറോസ് വിദേശത്തായിരുന്നു. പിന്നീട് ഇയാളെ എന്‍ .ഐ.എ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. ഇരട്ട സ്ഫോടനക്കേസിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പല കാര്യങ്ങളും ഇയാള്‍ കോടതിയില്‍ മൊഴി നല്കി. 2006 മാര്‍ച്ച് മൂന്നിന്ന് ഉച്ചക്ക് 12.45 നും 1.10 മണിക്കും ഇടയ്ക്കായിരുന്നു കോഴിക്കോട് കെ.എസ്.ആര്. ടി. സി ബസ്റ്റാന്റിനു സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്റിനു സമീപവും സ്ഫോടനങ്ങള്‍ നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തിയ കേസില്‍ ശിക്ഷവിധിക്കുന്ന ആദ്യത്തെ കേസാണ് കോഴിക്കോട്ടെ ഇരട്ട സ്ഫോടനം. ഇന്ത്യയില്‍ എന്‍.ഐ.എ ഏറ്റവും കൂടുതല്‍ കേസുകള്‍ അന്വേഷിക്കുന്നത് കേരളത്തിലാണ്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, കാശ്മീര്‍ തീവ്രവാദി റിക്രൂട്ട്മെന്റ്, വാഗമണ്‍-പാനായിക്കുളം സിമി ക്യാമ്പ്, അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ് തുടങ്ങിയവയും ഐന്‍. എന്‍. എ അന്വേഷിക്കുന്ന കേസുകളാണ്.