ആലപ്പുഴ : പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരി ക്കെതിരെയുള്ള ലോക്കപ്പ് മര്‍ദ്ദന കേസില്‍ വിചാരണ നടത്തുന്നത് കോടതി ഒക്ടോബര്‍ 22ലേക്ക് മാറ്റി. ഇന്നലെ ഈ കേസില്‍ വിചാരണ നടത്താന്‍ ഇരുന്നതായിരുന്നു. തച്ചങ്കരി അടക്കമുള്ള പ്രതികള്‍ ഹാജരായിരുന്നുവെങ്കിലും ഇരു ഭാഗത്തെയും അഭിഭാഷകര്‍ കോടതിയോട് കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.
1991ല്‍ തച്ചങ്കരി ആലപ്പുഴ എ. എസ്. പി. ആയിരുന്നപ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു ആത്മഹത്യാ കേസ് കൊലപാതകമാക്കി മാറ്റി അദ്ദേഹം പുന്നപ്ര സ്വദേശിയായ പ്രകാശന്‍ എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയനാക്കി കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു. ഏഴു ദിവസം കസ്റ്റഡിയില്‍ വെച്ച് ഇയാളെ മര്‍ദ്ദിച്ചു. തുടര്‍ന്ന് നടന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പ്രകാശന്‍ നിരപരാധിയാണ് എന്ന് കണ്ടെത്തി. പ്രകാശന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കോടതി തച്ചങ്കരിക്കെതിരെ വിചാരണ നടത്തുന്നത്.