തിരുവനന്തപുരം: സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം.വി ജയരാജന് സി. പി. എം പ്രവര്‍ത്തകര്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഏതാനും ദിവസങ്ങളായി പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന ജയരാജന്‍. ഇന്ന് വൈകീട്ട് നാലുമണിയ്ക്ക് ശേഷം പൂജപ്പുരജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ജയരാജനെ നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനു പേര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. തുടര്‍ന്ന് അദ്ദേഹം അവിടെ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തനിക്കും തെറ്റു പറ്റാമെന്നും അതു തിരുത്തേണ്ടത് ജനമാണെന്നും ജയരാജന്‍ പറഞ്ഞു. പാതയോരത്ത് പ്രകടനം നടത്തുന്നത് ജുഡീഷ്യറിക്കെതിരല്ലെന്നും ജനം തെരുവില്‍ സമരം നടത്തുന്നത് സാധാരണമാണെന്നും സൂചിപ്പിച്ച ജയരാജന്‍. ലോകം തന്നെ ഉറ്റുനോക്കുന്ന അമേരിക്കയിലെ വോള്‍സ്‌ട്രീറ്റ് പ്രക്ഷോഭത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നീതിക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ജഡ്‌ജിമാര്‍ക്കെതിരെ ശുംഭന്‍ എന്ന വാക്ക് പ്രയോഗിച്ചതാണ് ജയരാജന്റെ പേരില്‍ കോടതിയക്ഷ്യ കേസെടുക്കുവാന്‍ കാരണമായത്. കേസില്‍ ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ ആറുമാസം തടവിനും രണ്ടായിരം രൂപ പിഴയടക്കുവാനും ശിക്ഷിക്കുകയായിരുന്നു. ജയരാജനെ പൂജപ്പുര ജയിലിലേക്ക് അയച്ചു. ജാമ്യം ലഭിക്കുവാനായി ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ചില നിലപാടുകളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജയരാജനു ജാമ്യം അനുവച്ച സുപ്രീം കോട്ടതി 10000 രൂപ ജാമ്യത്തുകയായും 2000 രൂപ പിഴയും ഒടുക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജയരാജന്റെ അഭിഭാഷകന്‍ ഹൈക്കോടതി രജിസ്ട്രാറുടെ മുമ്പാകെ സുപ്രീംകോടതിയുടെ വിധിയുടെ പകര്‍പ്പ് ഹാജരാക്കുകയും കോടതി നിര്‍ദ്ദേശിച്ച ജാമ്യത്തുകയും പിഴയും അടക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി റിലീസിങ്ങ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഇതു കൈപ്പറ്റിയ ജയില്‍ അധികൃതര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ജയരാജന്‍ മോചിതനായത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം
യഥാര്‍ത്തില്‍ സംഭവിച്ചത് ഇങ്ങിനെയല്ലെ ലിജീ?.
എം.വി. ജയരാജനെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ അനുകൂലതീരുമാനംഅതീവ സൂക്ഷ്മതയോടെയാണ് സി.പി.എം കൈകാര്യംചെയ്തത്. എറണാകുളം മുതല്‍ തിരുവനന്തപുരം പാതയോരങ്ങളില്‍ നിറഞ്ഞ് തുളുമ്പിയ പ്രവര്‍ത്തകരുടെ ആവേശത്തിമിര്‍പ്പിലാണ് ജയരാജനെ സെന്‍ട്രല്‍ ജയിലിലേക്ക് സി.പി.എം യാത്ര അയച്ചതെങ്കിലും തിരിച്ചിറങ്ങിയപ്പോള്‍ ആവേശം തണുപ്പിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ജയരാജന്‍െറ മോചനം സംബന്ധിച്ച് ജുഡീഷ്യറിയെ പ്രകോപിപ്പിക്കുന്ന നടപടികളില്‍ ഏര്‍പ്പെടരുതെന്ന സി.പി.എം നേതൃത്വത്തിന്‍െറ തീരുമാനം പ്രാവര്‍ത്തികമാക്കിയതോടെ ആയിരുന്നിത്.
വമ്പിച്ച സ്വീകരണയോഗം ആകേണ്ട പരിപാടി സംസ്ഥാനനേതാക്കളും ജില്ലാ സെക്രട്ടറി പോലുമില്ലാതെ ചുരുക്കം ജില്ലാ നേതാക്കളിലും ‘നൂറുകളില്‍’ ഒതുങ്ങിയ പ്രവര്‍ത്തകരുടെയും ആഹ്ളാദപ്രകടനമായി മാറിയത് ഇതോടെയായിരുന്നു. സുപ്രീംകോടതി വിധി വന്നശേഷം ജയരാജന്‍െറ മോചനം സാധ്യമാകുമെന്നുറപ്പിച്ചത് മുതല്‍ തന്നെ സി.പി.എം സംസ്ഥാന നേതൃത്വത്തില്‍ കൂടിയാലോചനകള്‍ നടക്കുകയായിരുന്നു. ജയരാജന് ഉജ്ജ്വല സ്വീകരണം നല്‍കണമെന്നായിരുന്നു ജില്ലയിലെ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പക്ഷം. എന്നാല്‍ ഹൈകോടതിക്ക് മുന്നില്‍ നടത്തിയ മൗനപ്രതിഷേധത്തിനെതിരെ ഉയര്‍ന്ന വിമര്‍ശം കൂടി കണക്കിലെടുത്ത് ജാഗ്രതയോടെ മാത്രം അടുത്ത നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം.
കേസില്‍ ജയരാജന് ജാമ്യം മാത്രമാണ് അനുവദിച്ചതെന്നും സംസ്ഥാന സര്‍ക്കാറിനെ കൂടി കക്ഷി ചേര്‍ത്തതിനാല്‍ പരമോന്നത കോടതിയെ പ്രകോപിപ്പിക്കുന്ന നടപടികള്‍ ഒന്നും ചെയ്യരുതെന്ന ഉപദേശമാണ് പാര്‍ട്ടിക്ക് നിയമവിദഗ്ധരില്‍ നിന്ന് ലഭിച്ചത്. ജയിലിന് മുന്നിലോ പരിസരത്തോ സി.പി.എം സംഘടിപ്പിക്കുന്ന സ്വീകരണയോഗം ഇപ്പോള്‍ ലഭിച്ച ചെറിയ അനുകൂല നിലപാട് പോലും ഇല്ലാതാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
ചൊവ്വാഴ്ച മുതല്‍ തന്നെ ജയരാജനെ സ്വീകരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന – ജില്ലാ നേതൃത്വത്തിനിടയില്‍ കടുത്ത ആശയക്കുഴപ്പമാണ് നിലനിന്നത്. ചൊവ്വാഴ്ച വൈകുന്നേരം ജയരാജന്‍െറ മോചനവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് സ്വീകരണ ചടങ്ങുകളൊന്നും സംഘടിപ്പിക്കുന്നില്ളെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി 8.30ഓടെ രാവിലെ 11 ന് സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂജപ്പുര മണ്ഡപത്തില്‍ സ്വീകരണം ഒരുക്കുമെന്നും അത് വിജയിപ്പിക്കണമെന്നും ആഹ്വാനംചെയ്തുള്ള പത്രക്കുറിപ്പ് മാധ്യമ ഓഫിസുകളിലെത്തി. ഡി.വൈ.എഫ്.ഐയും സമാനമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിലും സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നതിലും രാവിലെയോടെ സി.പി.എം സംസ്ഥാന നേതൃത്വം അതൃപ്തിഅറിയിച്ചു.
ഇത്തരത്തിലുള്ള ആഹ്വാനം നടത്തരുതായിരുന്നുവെന്നും ജയരാജന്‍െറ മോചനത്തില്‍ ജനങ്ങളുടെ സന്തോഷം സ്വാഭാവികപ്രതികരണമായി ഉണ്ടായാല്‍ മതിയെന്നും സംസ്ഥാന നേതൃത്വം പാര്‍ട്ടി ജില്ല, ഡി.വൈ.എഫ്.ഐ നേതൃത്വത്തോട് നിര്‍ദേശിച്ചു