ചാവക്കാട് : നാളികേര ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈ വരിക്കാൻ ‘കേര തീരം’ പദ്ധതിയുമായി തൃശ്ശൂര്‍ ജില്ലയിലെ തീര ദേശമായ കടപ്പുറം ഗ്രാമ പഞ്ചായത്ത്. ഉല്പാദന ക്ഷമത കൂടിയ ആയിരം തെങ്ങിൻ തൈകള്‍ ഈ പദ്ധതിയുടെ ഭാഗമായി നടും.
കൃഷി ഭവൻ, ഗ്രാമ പഞ്ചായത്ത്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ കൈ കോർത്താണ് പദ്ധതി നടപ്പാക്കുന്നത്. 3.50 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിക്കും.
പഞ്ചായത്തിലെ പതിനാറ് വാർഡുകളിലായി ഓരോ കുടുംബത്തിനും തൊഴിലുറപ്പ് തൊഴിലാളികൾ വഴി തെങ്ങിൻ തൈ നടുന്നതിനുള്ള കുഴികൾ തയ്യാറാക്കും. ഇതിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാകും. തീരദേശ മേഖല ആയതിനാൽ തെങ്ങ് കൃഷിക്ക് സാദ്ധ്യതയുള്ള പ്രദേശമാണ് കടപ്പുറം ഗ്രാമ പഞ്ചായത്ത്.
തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര ഉല്പാദനം വർദ്ധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ പറഞ്ഞു. PRD