തിരുവനന്തപുരം: പ്രതിസന്ധികളില്‍ കാലിടറാത്ത കമ്യൂണിസ്റ്റുകാരന്‍ ആയിരുന്നു വെളിയം ഭാര്‍ഗവന്‍. അടിയന്തിരാവസ്ഥക്കാലത്തെ പോലീസ് വേട്ടയാടലിന്റെ നാളുകളില്‍ നേതാക്കള്‍ക്കും അണികള്‍ക്കും ആവേശം പകര്‍ന്ന നേതാവ്. മുന്നണിരാഷ്ടീയത്തിന്റെ ഭാഗമായി ചെയ്യേണ്ടിവരുന്ന വിട്ടുവീഴ്ചകകള്‍ക്കിടയിലും കമ്യൂണിസ്റ്റുകാരുടെ അന്തസ്സ് കൈമോശം വരുത്താത്ത നിലപാടുകള്‍. പാര്‍ട്ടിക്കാര്യങ്ങളില്‍ അല്പം കര്‍ക്കശ നിലപാടുകള്‍ ആയിരുന്നു പൊതുവെ സ്വീകരിച്ചു വന്നിരുന്നതെങ്കിലും അടുപ്പക്കാര്‍ക്ക് ആശാന്‍ ആയിരുന്നു വെളിയം. തനി നാട്ടിന്‍ പുറത്തുകാരന്‍. പ്രസംഗവേദികളിലായാലും പ്രത്യയശാസ്ത്ര ചര്‍ച്ചകളിള്‍ നടക്കുന്ന പാര്‍ട്ടി യോഗങ്ങളില്‍ ആണെങ്കില്‍ പോലും വെളിയം ഒരു നാട്ടിന്‍ പുറത്തുകാരനെ പോലെ സംസാരിച്ചു, സംവദിച്ചു.ആയുധമല്ല ആശയങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് കമ്യൂണിസ്റ്റുകാരന്റെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ രാഷ്ടീയ സംഘട്ടനങ്ങളില്‍ സി.പി.ഐ ഭാഗമല്ലാതായതും അദ്ദേഹത്തെ പോലുള്ളവരുടെ ജാഗ്രതയുടെ കൂടെ ഫലമാണ്.
സന്യാസ വഴിയെ സ്വീകരിക്കുവാന്‍ പോയ ആള്‍ കമ്യൂണിസത്തിന്റെ ഉപാസകനായി മാറിയ ചരിത്രമാണ് വെളിയത്തിന്റേത്. ആത്മീയതയെന്നതിനെ ജനസേവനമാക്കി മാറ്റിയ മനുഷ്യന്‍. കമ്യൂണിസ്റ്റ് ആശയങ്ങളിലും ഭാരതീയ പുരാണോപനിഷത്തുക്കളിലും സംസ്കൃതത്തിലും തികഞ്ഞ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ബുദ്ധിജീവി പരിവേഷങ്ങള്‍ അണിഞ്ഞ കമ്യൂണിസ്റ്റുകാരില്‍ ചിലര്‍ കടുപ്പമേറിയ വാക്കുകളെ സ്വീകരിച്ചപ്പോള്‍ ആശാന്റെ വാക്കുകളില്‍ നാട്ടിന്‍ പുറത്തുകാരന്റെ ശൈലിയാണ് നിറഞ്ഞു നിന്നത്. സദാരണക്കാരുമായും സഖാക്കളുമായും സംസാരിക്കുമ്പോള്‍ നൈര്‍മല്യം നിറഞ്ഞ വാക്കുകളാല്‍ സമ്പന്നമായിരുന്നു എങ്കിലും പാര്‍ട്ടിക്കാര്യങ്ങളില്‍ ചിലപ്പോള്‍ കര്‍ക്കശക്കാരനായ കാരണവരായും മാറുവാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. ശരിതെറ്റുകളെ തിരിച്ചറിഞ്ഞ് അത് ആരുടെ മുഖത്തു നോക്കിയും വെട്ടിത്തുറന്ന് പറയുന്ന ശീലം ചെറുപ്പം മുതല്‍ മുറുകെ പിടിച്ച വെളിയം അത് അവസാന കാലത്തും കൈവിടുവാന്‍ ഒരുക്കമായിരുന്നില്ല. വെളിയത്തെ അടുത്തറിയാവുന്നവര്‍ അത് തിരിച്ചറിഞ്ഞിരുന്നു. സിപി.എം-സി.പി.ഐ ആശയ സഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറിക്കു കൊള്ളുന്ന ചില പ്രയോഗങ്ങള്‍ ആശാനില്‍ നിന്നും ഉണ്ടാകാറുണ്ട്. ഇടയ്ക്ക് ചിലപ്പോള്‍ അത് വല്യേട്ടന്‍ ചമയുന്ന സി.പി.എംകാരെ അസ്വസ്ഥരാക്കാന്‍ പര്യാപ്തമാണെങ്കില്‍ പോലും അവര്‍ അത് ആശാന്റെ പ്രയോഗങ്ങളായി കാണാറാണ് പതിവ്. പിണറായി വിജയനും വെളിയവും തമ്മില്‍ ആശയപരമായി നേരിട്ട് ഏറ്റുമുട്ടിയപ്പോളും സൌഹൃദത്തില്‍ കോട്ടം വരാതെ സൂക്ഷിച്ചു. കെ.കരുണാകരന്റെ ഡി.ഐ.സി., അബ്ദുള്‍ നാസര്‍ മദനിയുടെ പി.ഡി.പി എന്നിവയുമായി ഇടതു മുന്നണിയെടുക്കേണ്ട നിലപാടുകളില്‍ ആശാന്‍ കര്‍ക്കശമായ നിലപാട് തന്നെ സ്വീകരിച്ചു.
1964-ലെ പിളര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി രണ്ടായെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്കിടയിലെ സമരവീര്യവും സൌഹൃദങ്ങളും സജീവമായിരുന്നു. ആശയഭിന്നതകള്‍ക്കപ്പുറം ഒരു വലിയ ലോകം സൃഷ്ടിച്ചു. ഈ.എം.എസും, എ.കെ.ജിയും, ടി.വി.തോമസും, വാസുദേവന്‍ നായരും, ഈ.കെ.നായനാരും, അച്ച്യുതാനന്ദനും, വെളിയവുമെല്ലാം ചരിത്രവഴിയിലൂടെ ഒരുമിച്ച് സഞ്ചരിച്ചവരും സ്വയം ചരിത്രമായവരുമാണ്. ഭിന്നമായ വഴികളിലൂടെ ഒരേ ലക്ഷ്യവുമായി അവര്‍ മുന്നേറിയവരില്‍ പലരും നേരത്തെ കാലയവനികയ്ക്കു പുറകില്‍ മറഞ്ഞു. ഇന്നിപ്പോള്‍ വെളിയവും അവര്‍ക്കൊപ്പം മറഞ്ഞിരിക്കുന്നു. മുണ്ടു മടക്കിക്കുത്തി നാട്ടുകാരോടും സഖാക്കളോടും പ്രസന്ന വദനനായി സംസാരിക്കുന്ന ആശാന്‍ ഇനി ഓര്‍മ്മ.