തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് മന്ത്രി ഗണേശ് കുമാര്‍. തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി കത്തു നല്‍കിയത് മുഖ്യമന്ത്രിക്കാണെന്നും അതിനുള്ള മറുപടി അദ്ദേഹം നല്‍കിക്കൊള്ളുമെന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി. രാജിവെക്കുവാന്‍ താന്‍ എന്തു തെറ്റാണ്‍` ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.ഗണേശ്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കുകയാണെന്നും അതിനാല്‍ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ബി) മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതിനോട് പ്രതിക്കുകയായിരുന്നു മന്ത്രി.
ഗണേശ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റുവാന്‍ അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള പലതവണ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികമായി കത്തു ലഭിച്ചാല്‍ പരിഗണിക്കാമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് പിള്ള ഒപ്പിട്ട കത്താണ് നേതാക്കളായ സി.വേണുഗോപാലന്‍ നായര്‍, വി.എസ്. മനോജ് കുമാര്‍ എന്നിവര്‍ വഴി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്ക് വിധേയനായിട്ടല്ല ഗണേശ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബാലകൃഷ്ണ പിള്ള ആരോപിക്കുന്നത്.പിള്ള ഗ്രൂപ്പിന്റെ ഒരേ ഒരു എം.എല്‍.എയും മന്ത്രിയുമാണ് കെ.ബി.ഗണേശ് കുമാര്‍.