കല്പറ്റ/കോഴിക്കോട്: തനിക്ക് ശരിയെന്ന് തോന്നുന്നത് പറയുവാന്‍ മജീദിന്റേയും തങ്ങളുടേയും തീട്ടൂരം ആവശ്യമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പോലും തന്റെ കാര്യങ്ങളില്‍ ഇടപെടുവാന്‍ വളര്‍ന്നിട്ടില്ല. ഇവരുടെ തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുവാനും രാജിവെയ്ക്കുവാനും തന്നെ കിട്ടില്ലെന്നും ആര്യാടന് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ബജറ്റിനോട് വിയോജിപ്പുണ്ടെങ്കില്‍ ആര്യാടന്‍ രാജിവെക്കട്ടെ എന്ന മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍. ജനാധിപത്യത്തെ കുറിച്ചും കൂട്ടുത്തരവാദിത്വത്തെ കുറിച്ചും തന്നെ പഠിപ്പിക്കേണ്ടെന്നും മജീദ് സ്വന്തം പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ആര്യാടന്‍ പറഞ്ഞു.
മുസ്ലിം ലീഗും ആര്യാടനും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പലപ്പോഴും പരസ്യമായ പ്രസ്ഥാവനകളിലും വാക് പോരിലും എത്താറുണ്ടെങ്കിലും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് പാണക്കാട് ഹൈദരലി തങ്ങള്‍ പോലും തന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ വളര്‍ന്നിട്ടില്ല എന്ന താക്കീത് മുസ്ലിംലീഗ് അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തിലേക്ക് കാര്യമായൊന്നും ബഡ്ജറ്റില്‍ വകയിരുത്താത്തതിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം ആര്യാടന്‍ പ്രകടിപ്പിച്ചിരുന്നു. ബഡ്ജറ്റ് അവതരിപ്പിക്കും മുമ്പ് മന്ത്രിമാരുമായോ ഘടക കക്ഷികളുമായോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മാണി പറയുകയാണെങ്കില്‍ രാജിവെച്ച് രാഷ്ടീയത്തില്‍ നിന്നും മാറി നില്‍ക്കുമെന്നും ആര്യാടന്‍ പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം