കൊച്ചി: മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ വിവിധ നേതാക്കന്മാര്‍ക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നടത്തുന്ന അധിക്ഷേപം തുടരുന്നതില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നു. മണ്‍മറഞ്ഞ കമ്യൂണിസ്റ്റു നേതാക്കളെ വ്യക്തിഹത്യ നടത്തും വിധം മോശം പരാമര്‍ശങ്ങള്‍ ജോര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ എം.എല്‍.എ വി.എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ വച്ച് ചെരുപ്പൂരി അടിക്കുവാന്‍ ഓങ്ങി. ജോര്‍ജ്ജിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭയില്‍ എത്തിയത്. നിയമസഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുവാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ ആവശ്യപ്പെട്ടു.
സി.പി.ഐ നേതാവായിരുന്ന ടി.വി.തോമസിനു വഴിനീളെ മക്കള്‍ ഉണ്ടെന്ന് തനിക്കറിയാമെന്നും തോമസിനെ പോലെ താന്‍ പെണ്ണ് പിടിച്ചിട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയെ തെണ്ടിയെന്നും കെ.ആര്‍.ഗൌരിയമ്മയെ കിളവിയെന്നുമെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ അവസരങ്ങളിലായി പി.സി. ജോര്‍ജ്ജ് അധിക്ഷേപിച്ചു. ഗൌരിയമ്മയെ അധിക്ഷേപിച്ച പി.സി. ജോര്‍ജ്ജിനെതിരെ യു.ഡി.എഫില്‍ പരാതി നല്‍കുമെന്ന് ജെ.എസ്.എസ് നേതൃത്വം വ്യക്തമാക്കി.
മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് മുന്നണി അംഗങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ജോര്‍ജ്ജിനെതിരെ യു.ഡി.എഫിലും പ്രതിഷേധം ശക്തമാണ്. കേരള കോണ്‍ഗ്രസ്സ് മാണിവിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് പി.സി.ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായി പരസ്യമായിതന്നെ രംഗത്ത് വന്നു. വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍ ഉള്‍പ്പെടെ പല പ്രമുഖ കോണ്‍ഗ്രസ്സ് എം.എല്‍.എമാരും ജോര്‍ജ്ജിനെ കയറൂരിവിടുവാന്‍ അനുവദിക്കരുതെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരില്‍ ചിലരും ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളില്‍ അസംതൃപ്തരാണ്. പി.സി. ജോര്‍ജ്ജ് ഒരു വിഴുപ്പ് ഭാണ്ഡമാണെന്നും അദ്ദേഹത്തെ ഇനിയും ചുമക്കാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടും ഇടപെടണമെന്നും കോണ്‍ഗ്രസ്സ് പാര്‍ളമെന്ററി പാര്‍ട്ടി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജോജ്ജ് നല്‍കുന്ന വിപ്പ് അനുസരിക്കുവാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ചില കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ പറഞ്ഞു. എന്നാല്‍ മുഖമന്ത്രിയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഇനിയും ഉണ്ടയിട്ടില്ല. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കുവാന്‍ അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്ത് ചീഫ് വിപ്പ് സ്ഥാനം രാജിവെപ്പിക്കുവാന്‍ നോക്കേണ്ടെന്നും കെ.എം.മാണി ആവശ്യപ്പെട്ടാല്‍ താന്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം