തൃശ്ശൂര്‍: പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്തു വന്നതോടെ വിവിധ നേതാക്കളുടെ അസംതൃപ്തി പുറത്തു വന്നു തുടങ്ങി. എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ പങ്കുവെച്ചെടുത്തതായി ഒരു വിഭാഗം ആരോപിക്കുന്നു. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ടായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്നും സോണിയാഗാന്ധി ഒപ്പുവച്ച ലിസ്റ്റായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി മുന്നോട്ട് കൊണ്ടു പോകുവാനാണ് ശ്രമിക്കുന്നതെന്നും. വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരവാഹികളുടെ എണ്ണം കൂടിയതുകൊണ്ട് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴു വീതം ജില്ലകളിലെ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം ഇരു വിഭാഗവും തുല്യമായി പങ്കിട്ടു. കെ.സുധാകരന്റെ അടുത്ത അനുയായിയായ കെ.സുരേന്ദ്രന്‍ ആണ് കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടാവുക. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവ ഐ വിഭാഗത്തിനും ഇടുക്കി, കോട്ടയം, കൊല്ലം , പത്തനം തിട്ട, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ എ ഗ്രൂപ്പിനും ലഭിച്ചു. ഇതിനിടെ പുതിയ തൃശ്ശൂരിലെ പുതിയ ഡി.സി.സി. പ്രസിഡണ്ട് അബുറഹ്‌മാന്‍ കുട്ടിക്കെതിരെ നഗരത്തില്‍ ഐ വിഭാഗം പ്രകടനം നടത്തി.