തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്നും താന്‍ മന്ത്രിസഭയില്‍ വരുന്നതില്‍ താല്പര്യമില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി തന്നെ ഭരിച്ചോട്ടെ എന്നും ഉപമുഖ്യന്ത്രിസ്ഥാനമോ ആഭ്യന്തര വകുപ്പോ ഇല്ലാതെ ഉപാധികളോടെ മന്ത്രി സഭയുടെ ഭാഗമാകുവാന്‍ താന്‍ ഇല്ലെന്നും രമേശ്തുറന്നടിച്ചു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നാലുവട്ടം മന്ത്രിസഭാപ്രവേശന ചര്‍ച്ചകള്‍ നടക്കുകയും ഒടുവില്‍ നാണം കെടുകയും ചെയ്ത നിലപാടിനെതിരെ രമേശ് ചെന്നിത്തലയുടെ രോഷപ്രകടനം.
പാര്‍ട്ടിയും ഗവണ്‍മെന്റും ഒരുമിച്ച് പോകും എന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി മന്ത്രിസഭാപ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകല്‍ ഉയര്‍ന്നുവരികയും ദില്ലിയില്‍ പോകുകയും എന്നാല്‍ മാന്യമായ ഒരു സ്ഥാനം നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നതില്‍ ഐ ഗ്രൂപ്പ് നിരാശയിലാണ്. ഇതിന്റെ പ്രതിഫലനം രമേശിന്റെ ഉള്‍പ്പെടെ ഉള്ള നേതാക്കന്മാരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നുമുണ്ട്. പരസ്യ പ്രസ്ഥാവനകള്‍ക്ക് ഹൈക്കമാന്റിന്റെ വിലക്കുണ്ട് എന്നിരിക്കെ ആണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശിന്റെ തുറന്നു പറച്ചില്‍.
ദില്ലി ചര്‍ച്ചകള്‍ ഫലം കാണാതെ തിരിച്ചു വന്നതിനു തൊട്ടു പുറകെ മന്ത്രിസഭയില്‍ മാന്യമായ ഒരു സ്ഥാനം നല്‍കി രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തണമെന്ന് കെ.എം.മാണിയും മുസ്ലിം ലീഗും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗ് വിട്ടുവീഴ്ചയ്ക്ക് ഇനിയും തയ്യാറായിട്ടില്ല എന്നാണ് സൂചന. ആഭ്യന്തരം ഒഴിഞ്ഞു കൊടുക്കുവാന്‍ തിരുവഞ്ചൂരും തയ്യാറായിട്ടില്ല. ധനകാര്യ വകുപ്പ് മാണിഗ്രൂപ്പ് കുത്തകയാക്കി വച്ചിരിക്കുന്നതുമാണ്. പ്രധാന വകുപ്പുകള്‍ ഒന്നും ഇല്ലാതെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.