കാക്കനാടന്‍ അന്തരിച്ചു

October 19th, 2011

kaakkanadan-epathram

കൊല്ലം: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

ആദ്യകാല കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായി 1935ലായിരുന്നു ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ ജനിച്ചത്. അധ്യാപകന്‍, റെയില്‍വേയിലും റയില്‍വേ മന്ത്രാലയത്തിലും ജോലിയെടുത്തിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(2005), ബാലാമണിയമ്മ പുരസ്‌കാരം(2008), മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അജ്ഞതയുടെ താഴ്‌വര, അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍, ഓതോറ, വസൂരി ജപ്പാണ പുകയില സാക്ഷി വസൂരി ഉഷ്ണമേഖല തുടങ്ങി നാല്‍പതിലധികം കൃതികളുടെ സൃഷ്ടാവാണ്. മലയാള നാട് മാസികയില്‍ ഗ്യാലറി, യാത്രയ്ക്കിടയില്‍, കാക്കനാടന്റെ പേജ് തുടങ്ങിയ പംക്തികളും കൈകാര്യം ചെയ്തിരുന്നു.

വായനക്കാരും ആരാധകരും ഈ എഴുത്തുകാരനോട് പ്രകടിപ്പിച്ച ആദരവും സ്‌നേഹവും അല്‍ഭുതകരമാണ്. സമൂഹത്തോട് എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല എന്ന് പ്രഖ്യാപിച്ച എഴുത്തുകാരനാണ് കാക്കനാടന്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on കാക്കനാടന്‍ അന്തരിച്ചു

ഇടശ്ശേരി തുറന്നിട്ട കവിതാ ലോകം

October 16th, 2011

മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ 1974 ഒക്ടോബർ 16 വിട്ടകന്നു, ഇന്നേക്ക് 37 വര്‍ഷങ്ങള്‍ കഴിയുന്നു. പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.

ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ 1906-ൽ ഡിസംബർ 23-നാണ്  ജനിച്ചത്. കാവിലെപ്പാട്ട്‌ എന്ന കവിതക്ക്‌ 1970-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിക്കുകയുണ്ടായി.
 
പുത്തൻ കലവും അരിവാളും (1951), കാവിലെപ്പാട്ട്‌ (1966), പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികൾ, ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966), ഒരു പിടി നെല്ലിക്ക (1968), അന്തിത്തിരി (1977), അംബാടിയിലേക്കു വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ, ഞെട്ടിയില്‍ പടരാത്ത മുല്ല, ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ എന്നിവയാണ് പ്രധാന കൃതികൾ
കൂട്ടുകൃഷി (1950), കളിയും ചിരിയും (1954), എണ്ണിച്ചുട്ട അപ്പം (1957) എന്നീ നാടകങ്ങളും എഴുതിയിട്ടുണ്ട്  

മലയാളത്തിലെ എക്കാലത്തെയും നല്ല കവിതകളില്‍ ഒന്നായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ  പൂതപ്പാട്ട് എന്ന കവിത
________________________________________
     
  വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ന്നോട്ടുചിലമ്പിന് കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്പ്പിച്ചളത്തോട, കഴുത്തില്‍
‘ക്കലപലെ’ പാടും പണ്ടങ്ങള്
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന് വാര്കുഴല് മുട്ടോളം
ചോപ്പുകള് മീതേ ചാര്ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്, നിങ്ങള്ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്
കിളിവാതിലില്ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല് പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള് ഒന്നു മുറുക്കാനെടുത്ത് ആ വഴിവക്കത്തു വെച്ചുകൊടുത്താല് മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര് പോയാല് പൂതം വന്നിട്ട് ആ മുറുക്കാന് എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്.

നിശ്ശൂന്യതനടമാടും പാതിരതന് മച്ചുകളില്
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള് പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്ച്ചെന്നു നില്ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള് നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന് എന്തിനാ നമ്മള് നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത് എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല് പാപമാണ്. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്. ഇപ്പോള്, അത് ആരെയും കൊല്ലില്ല. പൂതത്തിന്ന് എപ്പോഴും വ്യസനമാണ്. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ആറ്റിന്വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്ക്കുടക്കടുക്കന്.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള് പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില് വെച്ചാല് പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്പ്പോയിപ്പഠിക്കാ
നുള്ളില്ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്ത്തിരയിത്തിരിക്കുമ്പമേല്
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള് കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള് മെല്ലെത്തുടച്ചിട്ടു
കയ്യില്പ്പൊന്പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള് പടര്പന്തല്പോലുള്ളൊ
രരയാലിന്ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള് പച്ചപ്പടര്പ്പില്നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്ക്കേറിയൊരാട്ടിന്
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില് വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്പ്പിലെ
ക്കിളിവാതിലപ്പോള്ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട് പൂതം ഉണ്ണിയോട് കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്:

‘പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

‘കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്കൊടിയേ!’

‘പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്കതിരേ.
വണ്ടോടിന് വടിവിലെഴും
നീലക്കല്ലോലകളില്
മാന്തളിരില്ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്
പൂന്തണലില്ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
“പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന് കളവൂ!’

പിന്നെ പള്ളിക്കൂടത്തില് പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട് പിടിവിട്ടപ്പോള് പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില് മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്കള് ചെങ്ങി
എഴുതുവാന് പോയ കിടാവു വന്നീ
ലെവിടെപ്പോയ്; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്ക്കളിക്കും പരല്മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്
പുതിയ നെടുവീര്പ്പുയര്ന്നുപോയീ.
കുന്നിന്ചെരിവിലെക്കൂര്ത്തകല്ലില്
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്നിന്നപ്പോള് പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്പഴംപോലുള്ളുണ്ണിയുമായ്
പൂമാല കോര്ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന് നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്ചിന്നുമ്മാറതില്പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
‘പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
‘അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന് കണ്ണുകള് ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്
തിരുമുമ്പിലര്പ്പിച്ചു തൊഴുതുരച്ചു,
‘ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.’

പൂതത്തിന്റെ തഞ്ചം കേള്ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?
തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്മ്മിച്ചു പൂതം
മാണ്പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്ദ്ധാവിങ്കല്
തടകിത്തടകിപ്പുല്കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്ത്താള്.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള് കൈകളുയര്ത്താള്.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്.
‘അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില് മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള് മുന്പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
‘തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക് ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്ന്നാ മൂര്ദ്ധാവിങ്കല്
പലവുരു ചുംബിച്ചത്തുറുകണ്ണാല്
പ്പാവം കണ്ണീര്ച്ചോല ചൊരിഞ്ഞും
വീര്പ്പാല് വായടയാതേകണ്ടും
നില്പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
‘മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്മണി കളമതിലൂക്കന്
പൊന്നിന്കുന്നുകള് തീര്ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്ക്കാന്,
ഞങ്ങടെ വീട്ടിനു മംഗളമേകാന്
ഞങ്ങള്ക്കഞ്ചിതസൗഖ്യമുദിക്കാന്.’
പൂത’മതങ്ങനെതന്നേ’യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്
പോന്നുവരുന്നൂ വീടുകള്തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്വിളി കേള്പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലര്
ന്നോട്ടുചിലമ്പിന് കലമ്പലുകള്
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

അനുഭവ സമ്പത്ത് കഥയാക്കിയ സി.വി. ശ്രീരാമൻ

October 10th, 2011

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി. ശ്രീരാ‍മൻ 2007 ഒക്ടോബർ10നു നമ്മെ വിട്ടുപോയി. സാഹിത്യ രംഗത്തും രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹത്തിന്റെ ചെറുകഥകള്‍ എക്കാലത്തും മലയാളത്തിന്റെ ശക്തിയാണ്, അനുഭവ സമ്പത്ത് അനായാസമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ നിരവധി കഥകള്‍ മലയാളത്തില്‍ അഭ്രപാളിയില്‍ എത്തിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളായി അവ ഇന്നും നിലനില്‍ക്കുന്നു, മലയാളത്തിലെ പ്രമുഖ സം‌വിധായകരായ ജി. അരവിന്ദൻ (വാസ്തുഹാര, ചിദംബരം), കെ.ആർ. മോഹനൻ (പുരുഷാർത്ഥം), ടി.വി. ചന്ദ്രൻ (പൊന്തൻമാട) എന്നിവരാണ് ശ്രീരാമന്റെ കഥകൾക്ക് ചലച്ചിത്രാവിഷ്കാരം നൽകിയിട്ടുള്ളത്. കഥകള്‍ അനായാസേന മരണം, റെയിൽ‌വേ പാളങ്ങൾ, എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥകളാണ്. 1983-ൽ കേരള സാഹിത്യ അക്കാദമി അവാർഡും ശ്രീരാമന്റെ കഥകൾ എന്ന ചെറുകഥാ സമാഹാരത്തിന് 1999-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചു കൊടാതെ അബുദാബി ശക്തി അവാർഡ്- വാസ്തുഹാര, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (മികച്ച സിനിമ)- വാസ്തുഹാര, രാഷ്ടപതിയുടെ സുവർണ്ണ മയൂരം- ചിദംബരം എന്ന സിനിമക്ക് എന്നിവയും അദ്ദേഹത്തെ തേടിയെത്തി
1931 ഫെബ്രുവരി 7-ന്‌ കുന്നംകുളം പോർക്കുളം ചെറുതുരുത്തിയിൽ ജനിച്ചു. അച്ഛൻ വേലപ്പനും അമ്മ ദേവകിയും. സിലോണിലായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസവും സിലോണിൽ ആയിരുന്നു. തുടർന്ന് കുന്നംകുളം ഗവൺ‌മെന്റ് ഹൈസ്കൂൾ, തൃശ്ശൂർ സെന്റ് തോമസ് കോളേജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഏഴു വർഷം ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ കിഴക്കൻ ബംഗാൾ അഭയാർത്ഥികളെ കുടിയേറിപ്പാർപ്പിക്കുന്ന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് കേരളത്തിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

സി.വി. ശ്രീരാമന്റെ പല കഥകളും ശ്രീലങ്കയും കൊൽക്കൊത്തയും ആന്തമാനും തമിഴ്നാടും പശ്ചാത്തലമായുള്ളതാണ്. പ്രവാസവും ഒറ്റപ്പെടലും അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന വിഷയങ്ങളാണ് എങ്കിലും ഓരോ കഥകളും വ്യത്യസ്ഥമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇംഗ്ലീഷിലും ജർമ്മനിലും നിരവധി ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന ശ്രീരാമൻ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ (എം) അംഗമായി.12 വർഷം പോർക്കുളം ഗ്രാമപഞ്ചായത്ത്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1988 മുതൽ1991 വരെ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് സമിതിയംഗവും വൈസ് പ്രസിഡന്റുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു.സജീവ രാഷ്ട്രീയ പ്രവർത്തനം നല്ല സാഹിത്യ സൃഷ്ടിയുടെ പിറവിക്ക് തടസ്സാകുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചു.

വാസ്തുഹാര, ക്ഷുരസ്യധാര, ദുഃഖിതരുടെ ദുഃഖം, പുറം കാഴ്ചകൾ, ചിദംബരം, എന്റോസി വലിയമ്മ, പുതുമയില്ലാത്തവരുടെ നഗരം, ചക്ഷുശ്രവണ ഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, ശ്രീരാമന്റെ കഥകൾ, ഇഷ്ടദാനം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുണ്ടര്‍ട്ട് പുരസ്കാര ദാനം

October 3rd, 2011

dr-herman-gundert-epathram

കൊച്ചി: ഭാഷാ ഗവേഷണ പഠന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരള ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗുണ്ടര്‍ട്ട് അവാര്‍ഡ്‌ 2011ന് ഡോ. എം. സുഹറാബി, ഡോ. കെ. വി. തോമസ്‌, എന്‍. കെ. എ. ലത്തീഫ് എന്നിവര്‍ അര്‍ഹരായി. കെ. പി. സുധീര, ഡോ. എം. എസ്. മുരളീധരന്‍, ശാഹുല്‍ വാടാനപ്പള്ളി, കാതിയാളം അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്‌.

2011 ഒക്ടോബര്‍ 3 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാഷാ സംഗമത്തില്‍ കേന്ദ്ര ഭക്ഷ്യ – പൊതു വിതരണ മന്ത്രിയും ഗ്രന്ഥകാരനുമായ പ്രൊഫ. കെ. വി. തോമസ്‌ ജേതാക്കള്‍ക്ക്‌ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.

പി. എ. സീതി മാസ്റ്റര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ അഡ്വ. കെ. എ. ജലീല്‍ അദ്ധ്യക്ഷന്‍ ആയിരിക്കും. കെ. പി. ധന പാലന്‍ എം. പി., കൊച്ചി നഗര സഭ ഡെപ്യൂട്ടി മേയര്‍ ഭദ്ര ബി. എന്നിവര്‍ ജേതാക്കള്‍ക്ക്‌ പൊന്നാട അണിയിക്കും. പ്രൊഫ. എം. തോമസ്‌ മാത്യു, എം. വി. ബെന്നി, ജോണ്‍ ഫെര്‍ണാണ്ടസ്, അബ്ദുല്ല മട്ടാഞ്ചേരി, എച്ച്. ഇ. മുഹമ്മദ്‌ ബാബുസേട്ട്, കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ്‌ ചാപ്റ്റര്‍ പ്രസിഡണ്ട് കെ. എ. ജബ്ബാരി, അഡ്വ. പി. കെ. സജീവന്‍ എന്നിവര്‍ പ്രസംഗിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാള കവിതയെ വഴിമാറ്റി നടത്തിയ കവി

August 23rd, 2011

ayyappapaniker-epathram

“നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ,
ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ”
(കുരുക്ഷേത്രം)

ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ, സ്ഥിരം സമ്പ്രദായങ്ങളിൽനിന്നു കവിതയെ വഴിമാറ്റി നടത്തിയ ഡോ. കെ. അയ്യപ്പപ്പണിക്കർ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില. സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.
“കൈക്കുഞ്ഞിനെ, വഴിയിലിട്ടും കളഞ്ഞു നട
കൊണ്ടോരു ഗോപയനി വിൽക്കും മുലപ്പട,
മതിൽപ്പറ്റി നിൽക്കുമൊരു ദുഃഖാർദ്ര വിസ്മൃതിവിലാസം”

(മൃത്യുപൂജ) എന്നെഴുതിയ കെ. അയ്യപ്പപ്പണിക്കർ എന്ന കവിയെ മലയാളിക്ക് മറക്കാനാവില്ല.  2006 ഓഗസ്റ്റ് 23നാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍ നമോവാകം

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

19 of 2410181920»|

« Previous Page« Previous « രാജ കുടുംബത്തെ പറ്റി വി എസിന്റെ ആക്ഷേപം പദവിക്ക് യോജിച്ചതല്ല: ഉമ്മന്‍ ചാണ്ടി
Next »Next Page » ഗോപി കോട്ടമുറിക്കലിനെതിരെ തെളിവെടുപ്പ് »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine