പെരിന്തല്‍മണ്ണ : പ്രസിദ്ധ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ പിന്നീട് വീട്ടിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.
കഥകളിയരങ്ങില്‍ അധികവും സ്ത്രീ വേഷങ്ങള്‍ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. കുന്തിയും, ദമയന്തിയു മൊക്കെയായി നൂറു കണക്കിനു വേദികളില്‍ കോട്ടക്കല്‍ ശിവരാമന്‍ നിറഞ്ഞാടി. സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം വേദിയില്‍ അവതരിപ്പി ക്കുമ്പോള്‍ അതിനൊരു പ്രത്യേകത ആസ്വാദകര്‍ക്ക് അനുഭവപ്പെട്ടിരുന്നു.

കോട്ടക്കല്‍ ശിവരാമന്‍
പുരാണങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടയിരുന്നു ഇദ്ദേഹത്തിന്. കഥകളിയെ ജനകീയ മാക്കുവാന്‍ കലാമണ്ഡലം രാമന്‍ കുട്ടിക്കും, ഗോപിക്കുമൊപ്പം അദ്ദേഹം വലിയ പങ്ക് വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സംസ്കാരം നാളെ സ്വന്തം വീട്ടുവളപ്പില്‍ നടക്കും.



വയനാട് : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. നല്ലതമ്പി തേര അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. വയനാട്ടിലെ ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇദ്ദേഹം അവര്‍ക്ക് ഭൂമി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ദീര്‍ഘമായ നിയമ വ്യവഹാരം നടത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ഡോക്ടര്‍ എന്ന നിലയിലും തന്റെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. പൊതുവില്‍ ചികിത്സാ സൌകര്യങ്ങള്‍ കുറവായ വയനാട്ടില്‍, ആദിവാസികള്‍ക്കും മറ്റും ചികിത്സ ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാലത്താണ് ഇദ്ദേഹം സേവന പ്രവര്‍ത്തനങ്ങളുമായി അവിടെ എത്തുന്നത്. 1976 മുതല്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വയനാട്ടിലേക്കുള്ള ബസ് യാത്ര പ്രശ്നം പരിഹരിക്കുവാനായി 1984-ല്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്റെ ഫലമായി കെ. എസ്. ആര്‍. ടി. സി. യുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുകയും ചെയ്തു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഡോ. നല്ലതമ്പി നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.
ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കിക്കണ്ട പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു. 2009 മെയ് 31ന് പുനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു മാധവിക്കുട്ടി.
പ്രശസ്ത സിനിമാ – സീരിയല്‍ നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ യാണെന്നാണ് പോലീസ് നിഗമനം. ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ ആയിരുന്നു ശരീരം കണ്ടെത്തിയത്.
























