തൃശ്ശൂര്‍: പ്രമുഖ വന്ധ്യത ചികിത്സാ വിദഗ്ദന്‍ ഡോ.നരേന്ദ്രനാഥ് (49) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൃശ്ശൂരിലെ വെസ്റ്റ്ഫോര്‍ട് ആശുപത്രിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ആന്റ് ലാപ്രോസൊപ്പ്പിക് വിഭാഗം മേധാവിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു അദ്ദേഹം. ഇന്നലെ ഒരു സിസേറിയന്‍ ഓപ്പറേഷന്‍ ചെയ്തു പൂര്‍ത്തിയാക്കിയതിനു ശേഷം തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുധവും സിങ്കപ്പൂര്‍ നാഷ്ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ലാപ്രോസ്കോപ്പിക് സര്‍ജറിയിലും ജര്‍മ്മന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗൈനക്കൊളജിക്കല്‍ എന്‍ഡോസ്കോപ്പിയിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. കേരള ഗൈനക്കോളജിക്കല്‍ എന്‍ഡോസ്കോപ്പിസ്റ്റ് അസോസിയേഷന്റെ സെക്രട്ടറിയാണ്.
പൂത്തോള്‍ കാല്‍വരി റോഡില്‍ പരേതനായ മച്ചിങ്ങല്‍ ഗോപാലകൃഷ്ണന്റേയും ജാനകിയുടേയും മകനാണ് ഡോ.നരേന്ദ്രന്‍.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഓഫ്താല്‍മോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സ്മിതയാണ് ഭാര്യ. മകന്‍ അശോക് പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാര്‍ഥിയാണ്. സംസ്കാരം ശനിയാഴ്ച ഒരുമണിക്ക് പാറമേക്കാവ് ശാന്തിഘട്ട് സ്മശാനത്തില്‍ നടക്കും.
കുട്ടികളില്ലാതിരുന്ന നിരവധി ദമ്പതിമാര്‍ക്ക് ഡോ.നരേന്ദ്രന്റെ ചികിത്സയിലൂടെ സന്താനഭാഗ്യം ലഭിച്ചിട്ടുണ്ട്.സൌമ്യമായ പെരുമാറ്റവും പ്രൊഫഷണല്‍ രംഗത്തെ മികവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥനാക്കി. പ്രൊഫഷനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത അവസാനശ്വാസം വരെയും നിലനിര്‍ത്തി. ഒരു രോഗിയുടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അവസാനത്തെ സ്റ്റിച്ചും ഇട്ടതിനു ശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. ഡോ.നരേന്ദ്രന്റെ മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു പേരാണ് ആശുപത്രിയിലും അദ്ദേഹത്തിന്റെ വീട്ടിലും തടിച്ചു കൂടിയത്. രാത്രി വൈകിയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ തിരക്കായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയിലൂടെ ലഭിച്ച കുഞ്ഞുങ്ങളുമായിട്ടാണ് മാതാപിതാക്കള്‍ എത്തിയത്. ജീവനറ്റ അദ്ദേഹത്തിന്റെ ശരീരത്തിനരികെ നിന്ന് അവരില്‍ പലരും വിതുമ്പിക്കരയുന്നുണ്ടായിരുന്നു.