വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ കനോലി കനാലില്‍ ലൈഫ് ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വേട്ടയ്ക്കൊരുമകന്‍ കടവിനടുത്ത് താമസിക്കുന്ന മേലേടത്ത് മോഹനന്‍ (60), മേലേടത്ത് നരേന്ദ്ര ബാബു (58) എന്നിവരുടെ മൃതദേഹങ്ങളാണ് ചേറ്റുവ പാലത്തിനു സമീപത്തുനിന്നും കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കടലിലേക്ക് ഒഴുകി പോകാതിരിക്കുവാന്‍ പുഴക്ക് കുറുകെ ഊന്നു വലകെട്ടിയിരുന്നു. രാത്രി എട്ടുമണിയോടെ നരേന്ദ്ര ബാബുവിന്റെ മൃതദേഹം ഇതിനു സമീപത്ത് അടിഞ്ഞു. രാത്രി 12 മണിയോടെ മോഹനന്റെ മൃതദേഹവും കണ്ടെത്തി.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ഇവര്‍ പുഴയില്‍ വീണത്. വായുനിറച്ച ബോട്ടില്‍ അടുത്ത ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കണ്ടശ്ശാംകടവ് ജലോത്സവത്തിനു പോയതായിരുന്നു ഇവര്‍. ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിലേക്ക് നരേന്ദ്ര ബാബു വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി.ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന കുട്ടികളെ മോഹനന്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് നരേന്ദ്ര ബാബുവിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് വാടാനപ്പള്ളി പോലീസും ഫയര്‍ഫോഴ്സും എത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ തുടര്‍ന്നു എങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ ആയില്ല.
പി.എ.മാധവന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നാവികസേന കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇതിനിടെ രാവിലെ ഒമ്പതുമണിക്ക് എത്തും എന്ന് അറിയിച്ച ഹെലികോപ്റ്റര്‍ ഉച്ചക്ക് രണ്ടുമണിയോടെ ആണ് എത്തിയത്. പ്രവാസികളായിരുന്ന ഇരുവര്‍ക്കും വലിയ ഒരു സൌഹൃദ വൃന്ദം ഉണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.