തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊട്ടേഷന്‍ സംഘാംഗങ്ങളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.
തൃശ്ശൂര്‍ അയ്യന്തോളിലെ കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറി ഈച്ചരത്ത് വീട്ടില്‍ മധുവിനെ ആണ് കാര്‍ത്യായനി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു
മടങ്ങുമ്പോള്‍ ഭാര്യയുടെ മുമ്പില്‍ വച്ച് ക്ഷേത്രമുറ്റത്തിട്ട് വെട്ടികൊലപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റേയും വ്യക്തി വൈരാഗ്യത്തിന്റേയും
പേരിലാണ് മധുവിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. നേരത്തെ തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രേംലാലിനെ വെട്ടിയ കെസിലെ പ്രതിയായ മധു കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
മധുവിനെ കൊലപ്പെടുത്തിയ കേസില്‍ അടാട്ട് പ്ലാച്ചല്‍ വീട്ടില്‍ മാര്‍ട്ടിന്‍ (32), അയ്യന്തോള്‍ സ്വദേശികളായ പുത്തന്‍ വീട്ടില്‍ സുരേഷ്, അടക്കേ കുന്നമ്പത്ത് പ്രവീണ്‍, ചാവക്കാട് സ്വദേശി മാങ്ങാട്ട് ഷീനോജ് എന്നിവരെ സി.ഐ എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അറസ്റ്റുചെയ്തത്. ക്ഷേത്രപരിസരത്ത് ഓട്ടോയില്‍ എത്തിയ ഗുണ്ടാസംഘം മധുവിനെ ഓട്ടോകൊണ്ട് ഇടിച്ചിടുകയായിരുന്നു. ക്ഷേത്രത്തിന്റെ കല്‍വിളക്കിനു സമീപത്തേക്ക് വീണ മധുവിനെ കഴുത്തിലും തലയ്ക്കും തുരുതുരാ വെട്ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. സംഭവം നടക്കുമ്പോള്‍ മധുവിന്റെ ഭാര്യ ജ്യോതിയും ഒപ്പം ഉണ്ടായിരുന്നു. നിരവധി കേസില്‍ പ്രതിയായ മാര്‍ട്ടിനും മധുവുമായും വൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
മഞ്ജു, മിഥുന്‍ എന്നിവരാണ് മധുവിന്റെ മക്കള്‍. സംസ്കാരം പുഴക്കല്‍ ശാന്തി തീരത്ത് നടത്തും.