കണ്ണൂര്‍: ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസിന്റെ മുസ്ലിം മുഖമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസിനെ പോലെ മത രാഷ്ട്രത്തിനായി ശ്രമിക്കുന്നവരാണെനും വെല്‍ഫെയര്‍ പാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിയുടെ മുഖം മൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയേയും എസ്.ഡി.പി.ഐയേയും ഒറ്റപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. മുസ്ലിം പ്രശ്നങ്ങള്‍ സവിശേഷമായി തന്നെ കൈകാര്യം ചെയ്യണമെന്നാണ് സി.പി.ഐ എമ്മിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. മലബാറിലെ മുസ്ലിംങ്ങളും ഇടതു പക്ഷവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കേരളത്തില്‍ സാമൂഹ്യമായി മത ന്യൂനപക്ഷങ്ങള്‍ ഏറെ മുന്‍ പന്തിയിലാണെന്നും മത പരമായ വിവേചനമോ അടിച്ചമര്‍ത്തലോ ഇവിടെ ഇല്ലെന്നും പിണറായി പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കല്‍ ഉള്‍പ്പെടെ ജനങ്ങളെ പിന്നോട്ട് നയിക്കുന്ന എല്ലാ നിലപാടുകളും ചെറുക്കാന്‍ കഴിയണം. ശാരീരികവും മാനസികവുമായ പക്വത വരുമ്പോളാണ് വിവാഹവും ഗര്‍ഭധാരണവും വേണ്ടതെന്നും അല്ലാതെ കളിച്ച് നടക്കുന്ന കുട്ടിയെ വിവാഹം കഴിപ്പിക്കലല്ല വേണ്ടതെന്നും എന്നാല്‍ ഇതിന്റെ വക്താക്കളായി വരുന്നവര്‍ മതത്തിന്റെ പേരിലാണ് ഇതെല്ലാം പറയുന്നത്. മതത്തിന്റെ പേരില്‍ അധികാരത്തിലെത്തുന്നവര്‍ മുസ്ലിം വിഭാഗത്തിലെ പ്രമാണിമാരായ ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റിട്ട.ജില്ലാ ജഡ്ജി എം.എ.നിസാര്‍ അധ്യക്ഷനായ ചടങ്ങില്‍ പി.ജയരാജന്‍, എം.എ.നിസാര്‍,ഡോ.ഹുസൈന്‍ രണ്ടത്താണി, ടി.കെ.ഹംസ, പി.ടി.എ.റഹിം. എം.എല്‍.എ, എസ്.എ.പുതിയ വളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.