കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ മുന്‍ പരമാധ്യക്ഷന്‍ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ കത്തോലിക്ക ബാവ(93) കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ പരുമല ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11 നുമണിക്ക് കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. ദയറ ചാപ്പലില്‍ പ്രത്യേകം തയ്യാറാക്കുന്ന കല്ലറയില്‍ ആണ് ബാവയെ സംസ്കരിക്കുക. ചടങ്ങുകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതൊലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിക്കും.
തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റേയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ മകനായാണ് 1921 ഒക്ടോബറ് 29 ബാവ ജനിച്ചത്. സി.ടി.തോമസ് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ നാമം. 2005- മുതല്‍ 2010 ഒക്ടോബര്‍ വരെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായി ഇരുന്ന ഇദ്ദേഹം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ബാവയുടെ വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സഭാവിശ്വാസികളും മത,രാഷ്ടീയ, സാംസ്കാരിക നേതാക്കളും അനുശോചിച്ചു.