വയനാട്ടില്‍ ഷാനവാസിനെതിരെ കോണ്‍ഗ്രസ്സുകാരുടെ കടുത്ത പ്രതിഷേധം; യു.ഡി.എഫ് ആശങ്കയില്‍
മാനന്തവാടി: വയനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും നിലവിലെ എം.പിയുമായ എം.ഐ. ഷാനവാസിനെതിരെ മാനന്തവാടി നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ രൂക്ഷവിമര്‍ശനം.മണ്ഡലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അത്യാവശ്യകാര്യങ്ങള്‍ അറിയിച്ചാല്‍ പോലും എം.പി നടപടി എടുക്കാറില്ലെന്നും ഫോണില്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും പ്രവര്‍ത്തകര്‍ ആക്രോശിച്ചു. രാവിലെ യോഗത്തിനെത്തിയെ എം.പിയെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചും വിമര്‍ശിച്ചുമാണ് വരവേറ്റത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ബഹളത്തിനിടെ ഷാനവാസിനു നേരെ കയ്യേറ്റ ശ്രമവും നടന്നതായി സൂചനയുണ്ട്. ഉച്ചക്ക് ജുമ നമസ്കാരത്തിനായി കുറച്ച് സമയം യോഗം നിര്‍ത്തിവച്ചിരുന്നു തുടര്‍ന്ന് വീണ്ടും യോഗം ചേര്‍ന്നെങ്കിലും പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധവുമായി എഴുന്നേറ്റു. രംഗം വഷളായതിനെ തുടര്‍ന്ന് എം.പി.യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു എന്ന വാര്‍ത്തയും പരന്നു.
ആദിവാസികളും, കര്‍ഷകരും ധാരാളമുള്ള വയനാട് ജില്ല വികസനത്തില്‍ ഏറെ പിന്നോക്കമാണ്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ പാര്‍ളമെന്റ് നിയോജകമണ്ഡലങ്ങളുടെ ഭാഗമായിരുന്ന വയനാട് ജില്ലയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് പുതിയ നിയോജകമണ്ഡലമായി കയറ്റം കിട്ടിയത്. വന്‍ ഭൂരിപക്ഷത്തോടെ ആണ് വയനാട്ടുകാര്‍ തങ്ങളുടെ ആദ്യ എം.പിയായി ഷാജവാസിനെ തിരഞ്ഞെടുത്ത് പാര്‍ളമെന്റിലെക്ക് അയച്ചത്. എന്നാല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു എന്നതല്ലാതെ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ ഷാനവാസിനായില്ല. ഇടക്കാലത്ത് ഒരു വര്‍ഷത്തോളം അസുഖ ബാധിതനായി ചികിത്സയിലും ആയിരുന്നു.
ഷാനവാസിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും മാത്രമല്ല ഘടക കക്ഷികളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതോടെ പ്രതിഷേധക്കാര്‍ പരസ്യമായി രംഗത്തെത്തി. ഷാനവാസിനെതിരെ യൂത്ത് ലീഗ് നേരത്തെ നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. മണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തവരെ വയനാട്ടിലേക്ക് അയക്കരുതെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കിയത്.
കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെട്ട ആദ്യ യോഗത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടിവന്നത് യു.ഡി.എഫ് നേതൃത്വത്തേയും വെട്ടിലാക്കി. പ്രവര്‍ത്തകരുടെ വികാരം ഇതാണെങ്കില്‍ വോട്ടര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രതികരണം എന്താകും എന്ന ആശങ്കയിലാണ് നേതൃത്വം. ഇടതു പക്ഷ സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സത്യന്‍ മോകേരിയാണ് രംഗത്തുള്ളത്. കസ്തൂരി രംഗന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനെതിരായ വികാരവും കണക്കിലെടുക്കുമ്പോള്‍ വയനാട്ടില്‍ കടുത്ത പരീക്ഷണമാണ് ഇത്തവണ ഷാനവാസിനു നേരിടേണ്ടിവരിക.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം