കോഴിക്കോട് : ഓണ ദിവസം മലയാളക്കരയാകെ ഉത്സാഹത്തിമര്‍പ്പില്‍ സദ്യ ഉണ്ണാന്‍ ഇരിക്കുമ്പോള്‍ കോഴിക്കോട് ജില്ലയിലെ കൊട്ടൂളിയില്‍ ഒരു സംഘം കുട്ടികള്‍ തെരുവ് വാസികള്‍ക്ക് ഓണ സദ്യ എത്തിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഈ പ്രദേശത്ത് ഈ സവിശേഷമായ സമ്പ്രദായം എല്ലാ ഉത്സവകാലത്തും നടക്കുന്നു. രാവിലെ സദ്യ വട്ടങ്ങള്‍ തയ്യാറാക്കുന്ന ഇവിടത്തെ വീട്ടുകാരെല്ലാം തങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണത്തിലെ ഒരു പങ്ക് പൊതികളിലാക്കി ഈ കുട്ടി സംഘത്തെ ഏല്‍പ്പിക്കുന്നു. കുട്ടികള്‍ ഏറെ ഉത്സാഹത്തോടെ ഈ ഭക്ഷണ പൊതികള്‍ തെരുവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും എത്തിച്ചു കൊടുക്കുന്നു. നൂറു കണക്കിന് തെരുവ് വാസികളാണ് ഇത്തവണ ഇവിടെ വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ടത്.
കൊട്ടൂളിയിലെ യുവധാരാ ക്ലബ്ബാണ് ഈ ഉദ്യമത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. രാവിലെ 11 മണിയോടെ ക്ലബ്ബിന്റെ പ്രവര്‍ത്തകരായ കുട്ടികള്‍ സമീപത്തെ വീടുകളില്‍ എത്തുന്നു. വീട്ടുകാര്‍ അവര്‍ പാചകം ചെയ്ത ഭക്ഷണത്തില്‍ നിന്നും ഒരു പങ്കു ഇവര്‍ക്ക് പൊതിഞ്ഞു നല്‍കുന്നു. ഇവര്‍ ഈ പൊതികള്‍ തെരുവില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നു. പാവപ്പെട്ടവരോടുള്ള പരിഗണന എത്ര മഹത്തരമാണ് എന്ന സന്ദേശമാണ് ഈ ഉദ്യമത്തിലൂടെ തങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് സംഘാംഗങ്ങള്‍ പറയുന്നു.
(വാര്‍ത്ത കടപ്പാട് : ഹിന്ദു ദിനപത്രം)