തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തുറക്കാത്ത നിലവറ ഇന്ന് സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധിയെ തുടര്‍ന്ന് തുറക്കുമെന്ന് സൂചന. ഓഗസ്റ്റ് 25ന് വിദഗ്ദ്ധ സമിതി പുറത്തിറക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ നിലവറ തുറക്കുന്നതിനായി സമിതി മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. നിലവറയിലെ സമ്പത്തിന്റെ കണക്കെടുക്കുക. നിലവറയുടെ ഘടന മനസ്സിലാക്കി സുരക്ഷിതത്വം ഉറപ്പ് വരുത്തുക. നിലവറയുടെ ചുമരിന്റെ ബലം പരിശോധിക്കുകയും വേണ്ടി വന്നാല്‍ പുറമേ നിന്നും തുരങ്കം പണിത് നിലവറയ്ക്കുള്ളില്‍ നുഴഞ്ഞു കയറുവാനുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്യുക എന്നിവയാണ് വിദഗ്ദ്ധ സമിതിയുടെ നിരീക്ഷണങ്ങള്‍.
എന്നാല്‍ ഈ നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ ദിവ്യത്വത്തിനു ദോഷം വരുത്തും എന്നൊക്കെയുള്ള വാദങ്ങളാണ് തിരുവിതാംകൂര്‍ രാജകുടുംബം മുന്നോട്ട് വെയ്ക്കുന്നത്. ഇതിനായി ഇവര്‍ നടത്തിയ ദേവപ്രശ്നത്തെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. ദേവപ്രശ്നത്തില്‍ ഈ നിലവറ തുറക്കുന്നത് ദൈവത്തിന് ഇഷ്ടമല്ല എന്ന് കണ്ടുവത്രെ. ഇത് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചപ്പോള്‍ കേസ് ജ്യോത്സ്യന്റെ മുന്പിലാണോ കോടതിയുടെ മുന്പിലാണോ നടത്തുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.
- ജെ.എസ്.