കുന്നംകുളം: കുന്ദംകുളത്തിനു സമീപം ഇടഞ്ഞ ആന ഒരാളെ അടിച്ചു കൊന്നു. കുന്നംകുളം കോലാടി സ്വദേശി സൈമണ്‍ (70) ആണ് ആനയുടേ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. കീരങ്ങാട്ട് മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടു പോകുകയായിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ആന വിരണ്ടത്. ആ സമയം റോഡിലൂടെ പോകുകയായിരുന്ന സൈമണെ ആന തുമ്പികൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ക്ക് പിടികൊടുക്കാതെ ഓടിയ ആന ഒരു ബൈക്ക് യാത്രക്കാരനേയും ആക്രമിച്ചു. ആനയുടെ പാപ്പാന്‍ തിരുവാങ്ങപുറം ശിവശങ്കരനും പരിക്കേറ്റിട്ടുണ്ട്.
മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയിലെ ആനഗവേഷണ കേന്ദ്രം തലവന്‍ ഡോ. രാജീവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആനയെ മയക്കുവെടി വച്ച് തളച്ചു. പതിനഞ്ചു കിലോമീറ്ററോളം ഓടിയ ആനയെ ചിറമനേങ്ങാട്ടുള്ള റോയല്‍ എഞ്ചിനീയറിങ്ങ് കോളേജിനു സമീപത്താണ് തളച്ചത്.
വഹനങ്ങളില്‍ ആനകളെ കയറ്റികൊണ്ടു പോകുമ്പോള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ദീര്‍ഘദൂരം നിര്‍ത്താതെ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പൊള്‍ അരികിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദവും അപകട ഭീതിയും മൂലം ആനയുടെ മനോനിലയില്‍ സാരമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല നിരന്തരം കാറ്റടിക്കുന്നത് ആനകളുടെ കണ്ണില്‍ അസ്വസ്ഥത ഉണ്ടാക്കും. പല ആനകള്‍ക്കും കണ്ണിനു അസുഖങ്ങള്‍ ബാധിക്കുന്നതില്‍ ഇത്തരം വാഹന യാത്രകള്‍ക്ക് മുഖ്യ പങ്ക് ഉണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കേരളത്തില്‍ വാഹനത്തില്‍ കയറ്റി ആനകളെ കൊണ്ടു പോകുന്നത്. ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആനപരിപാലനം സംബന്ധിച്ചുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് പല ആനയുടമകളും ആനബ്രോക്കര്‍മാരും അവയെ ഉത്സവപ്പറമ്പുകളില്‍ എഴുന്നള്ളത്തിനു കൊണ്ടു വരുന്നത്. ഇക്കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയിടഞ്ഞ് പാപ്പാന്‍ ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു. വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളും പാപ്പാന്മാരുടെ പീഠനവും വേണ്ടത്ര ഭക്ഷണം ലഭിക്കായ്കയുമെല്ലാം ആണ് ആനകളെ പ്രകോപിതരാക്കുന്നത്. ഒപ്പം കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന ഇടക്കോളും (രണ്ടു മദപ്പാടുകളുടെ ഇടയില്‍ കാണുന്ന മദ ലക്ഷണങ്ങള്‍) ആനകള്‍ ഇടയുവാന്‍ കാരണമാകുന്നു. കേരളത്തിലെ ആനകളില്‍ ഇടക്കോളിന്റെ പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്.