കോഴിക്കോട്: താമരശ്ശേരി കൂടത്തായിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള ആറു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മുഖ്യപ്രതി ജോളി കുടുങ്ങിയതു നാട്ടിൽ പറഞ്ഞ നുണ പുറത്തായപ്പോൾ. എൻഐടി അധ്യാപികയാണെന്നു പറഞ്ഞ കള്ളത്തരത്തിൽ നിന്നാണ് ജോളിക്കെതിരെ പൊലീസിന് ആദ്യം സംശയം ഉയരുന്നത്. എൻഐടിയുടെ ഐഡി കാർഡിട്ട് ജോലിക്കായി എന്നും രാവിലെ ജോളി പോയിരുന്നു. പ്രദേശവാസികളോടും എൻഐടിയിൽ അധ്യാപികയാണെന്നാണു വിശ്വസിപ്പിച്ചിരുന്നതെന്നും റൂറൽ എസ്പി കെ.ജി. സൈമൺ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ജോളി എൻഐടിയിൽ അധ്യാപികയല്ലെന്ന് പൊലീസിന് മനസ്സിലായി. മാത്രമല്ല റോയിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. സയനൈഡ് കഴിച്ചാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. റോയിയുടെ അമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിലിന്റെ ആവശ്യപ്രകാരമാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയത്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പെടെ ആറുപേരാണു ഒരേ സാഹചര്യത്തിൽ വ്യത്യസ്ത കാലയളവിൽ മരിച്ചത്.എന്നാൽ റോയിയുടെ മരണത്തിൽ സംശയം തോന്നിയ ബന്ധു രണ്ടു മാസം മുൻപു നൽകിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ഹരിദാസിന്റെ കീഴിലുള്ള പ്രത്യേക സംഘമാണു കേസന്വേഷിച്ചത്.